ദില്ലി: വിവരാവകാശത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. അപേക്ഷയ്ക്കുള്ള മറുപടിയ്ക്ക് ജിഎസ്ടി ഈടാക്കരുതെന്ന് കേന്ദ്രം ഉത്തരവിറക്കി. വിവരാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ തീരുമാനം.

മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന വിവാദ തീരുമാനമാണ് പ്രതിഷേധങ്ങളെത്തുടര്‍ന്ന് പിന്‍വലിച്ചത്. ദില്ലി ഡവലപ്‌മെന്റ് അഥോറിറ്റിയിലും മഹാരാഷ്ട്രയിലെ സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനിലും വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചവരോട് 18 ശതമാനം ജിഎസ്ടി തുക കൂടി നല്‍കണമെന്നാണ് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടത്. മറുപടി നല്‍കുന്നത് ഒരു പേജിന് രണ്ട് രൂപയാണ് നിയമപ്രകാരം ഈടാക്കേണ്ടത്. എന്നാല്‍ പതിനെട്ട് ശതമാനം ജിഎസ്ടി കൂടി നല്‍കിയാലേ വിവരം നല്‍കൂ എന്നായിരുന്നു ഉദ്യോഗസ്ഥന്മാരുടെ നിലപാട്.

പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രം ഇടപെട്ടത്. വിവരാവകാശ അപേക്ഷകള്‍ക്ക് ജിഎസ്ടി ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന നിയമ സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കരുതെന്നും കേന്ദ്ര നിര്‍ദ്ദേശത്തിലുണ്ട്.