താന്‍ ആര്‍.എസ്.എസ് സ്വയം സേവകനാണെന്ന് വ്യക്തമാക്കിയ ഭരദ്വാജ് 144 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ തെളിവു നിയമം പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. പുരാതന ഹിന്ദു പുരാണങ്ങളില്‍ വിവിധ തരത്തിലുള്ള തെളിവുകളുടെ പരിണാമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജൈന്‍ ശാസ്ത്രത്തില്‍ തെളിവുകളുമായി ബന്ധപ്പെട്ട ഏഴ് ശ്ലോകങ്ങളുണ്ട്. ഈ ശ്ലോകങ്ങള്‍ ന്യായാധിപന്‍മാര്‍ നടപ്പാക്കിയാല്‍ വിചാരണ കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള വിധിന്യായങ്ങളില്‍ ഒരു മാറ്റവും ഉണ്ടാവാന്‍ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഭൂരിപക്ഷ സമുദായങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അവരുടെ വിശ്വാസങ്ങളില്‍ മുറുകെ പിടിക്കാതെ മറ്റ് വിശ്വാസങ്ങളെ പുണരാനുള്ള സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് നിയമ കമീഷനാണ്. ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളില്‍നിന്നും അഭിപ്രായം സ്വീകരിക്കുന്നതിന് നിയമ കമീഷന്‍ കഴിഞ്ഞ ആഴ്ച ചോദ്യാവലി പുറത്തിറക്കിയിരുന്നു. 

സമാധാനപരമായ ജനാധിപത്യ രാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നതിന് ഏകീകൃത സിവില്‍ നിയമങ്ങള്‍ അനിവാര്യമാണെന്ന് അഭയ് ഭരദ്വാജ് പറഞ്ഞു. മതേതര രാജ്യമെന്നു കരുതുന്ന അമേരിക്കയില്‍ പ്രസിഡന്റ് ഒബാമ ഭരണഘടനയല്ല, ബൈബിള്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നിട്ടും ഇന്ത്യയില്‍ ഭഗവത് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയുന്നില്ല. അമേരിക്കയില്‍, മുസ്‌ലിം നിയമപ്രകാരം വിവാഹം ചെയ്യാന്‍ പറ്റില്ല. പിന്നെ ഇവിടെ എന്തു കൊണ്ടാണ് ഖുര്‍ആന്‍ നിയമങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ബല്‍ബീര്‍ സിംഗ് ചൗഷാന്റെ അധ്യക്ഷതയില്‍ കഴിെഞ്ഞ വര്‍ഷമാണ് 21ാമത് നിയമ കമീഷന്‍ സ്ഥാപിച്ചത്. രാജ്യത്തെ നിയമങ്ങളുടെ പരിഷ്‌കരണത്തിനുള്ള ഉപദേശങ്ങള്‍ സര്‍ക്കാറിന് നല്‍കുകയാണ് കമീഷന്റെ മുഖ്യ ലക്ഷ്യം. നിയമനിര്‍മാണങ്ങളുടെ കരട് തയ്യാറാക്കിയ ശേഷം നിയമന്ത്രാലയത്തിന് കൈമാറുക എന്ന ലക്ഷ്യവും കമീഷനുണ്ട്.