ഇത്തവണ സൗദിക്കകത്ത് നിന്നും ഹജ്ജ് നിര്‍വഹിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും രജിസ്‍ട്രേഷന്‍ ശവ്വാല്‍ 15ന് (ജൂലൈ 20) ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ ശരീഫ് അറിയിച്ചു. മന്ത്രാലയത്തിന്റെ http://localhaj.haj.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇഷ്‌ടമുള്ള സര്‍വീസ് ഏജന്‍സികളെ തീര്‍ഥാടകര്‍ക്ക് തെരഞ്ഞെടുക്കാം. സേവന നിലവാരത്തിനനുസരിച്ചു വ്യത്യസ്ഥമായ പാക്കേജുകള്‍ ലഭ്യമായിരിക്കും. മുവ്വായിരം റിയാല്‍ മുതല്‍ 11,890റിയാല്‍ വരെയാണ് പാക്കേജ് നിരക്ക്. 

മിനായിലെ ജംറകളില്‍ നിന്നും തമ്പുകളിലെക്കുള്ള ദൂരം, തമ്പുകളിലെ താമസ സൗകര്യം, പുണ്യസ്ഥലങ്ങളിലെ യാത്രാ സൗകര്യം, ഭക്ഷണം തുടങ്ങിയവക്കനുസരിച്ചാണ് പാക്കേജുകള്‍ തരം തിരിച്ചിരിക്കുന്നത്. ഇതു സംബന്ധമായ പൂര്‍ണ വിവരം വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മാത്രമേ റെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതേസമയം ഹജ്ജുമായി ബന്ധപ്പെട്ട മക്കാ നഗരസഭയുടെ ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപമായി. മിനായില്‍ 22ഉം മുസ്ദലിഫയില്‍ മൂന്നും അറഫയില്‍ രണ്ടും സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. പുണ്യ സ്ഥലങ്ങളുടെ ശുചീകരണം, തീര്‍ത്ഥാടകരുടെ സുരക്ഷിതത്വം, ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ തുടങ്ങിയവ ഈ കേന്ദ്രങ്ങള്‍ നിരീക്ഷിക്കും. പുറത്തുള്ളവര്‍ തമ്പുകളില്‍ പ്രവേശിക്കുന്നതും ഈ കേന്ദ്രങ്ങള്‍ നിരീക്ഷിക്കും.