ദില്ലി: ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്ക്‍വാദിന്റെ വിമാനയാത്രാ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. വ്യോമയാന മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ നിലപാട് മാറ്റിയത്. വിലക്ക് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വ്യോമയാനമന്ത്രി എയര്‍ ഇന്ത്യക്ക് കത്തെഴുതിയിരുന്നു.

ജീവനക്കാരനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വിമാനക്കമ്പനികള്‍ എംപിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എയര്‍ ഇന്ത്യക്ക് പുറമെ മറ്റ് എയര്‍ലൈനുകളും ഗെയ്ക്ക്‌വാദിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വ്യാജ പേരില്‍ യാത്ര ചെയ്യാന്‍ ഗെയ്‌ക്‌വാദ് ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.

ഇന്നലെ ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ശിവസേനാ മന്ത്രി ആനന്ദ് ഗീഥെയും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും തമ്മില്‍ കൈയാങ്കളിയുടെ വക്കോളത്തമെത്തിയ സംഭവങ്ങളും ഉണ്ടായി. എയര്‍ ഇന്ത്യയോടോ മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനോടോ മാപ്പു പറയില്ലെന്നും പാര്‍ലമെന്റില്‍ മാപ്പു പറയാന്‍ തയാറാണെന്നും ഗെയ്‌ക്‌വാദ് ഇന്നലെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

എയർ ഇന്ത്യയിൽ മാനേജരായ കണ്ണൂർ സ്വദേശി രാമൻ സുകുമാറിനെയാണ് ശിവസേന എം.പി രവീന്ദ്ര ഗെയ്‌ക്‌വാദ് മർദിച്ചത്. 25 തവണ ചെരുപ്പുകൊണ്ട് അടിച്ചതായാണ് രാമൻ പരാതി നൽകിയിരുന്നു.