Asianet News MalayalamAsianet News Malayalam

അർഹമായ ഇൻഷൂറൻസ് തുകയും നിഷേധിച്ചു; ദുരിതബാധിതർ ഇനി എങ്ങോട്ടുപോകണം?

മണ്ണിൽ മൂടിപ്പോയിട്ടും വീട് പൂർണ്ണമായി തകർന്നില്ലെന്ന കാരണത്താൽ ഇൻഷുറൻസ് ചെയ്ത തുക പോലും ലഭിക്കാത്തവർ.  മഴയെത്തുന്നത് നോക്കി വീടു വിട്ടിറങ്ങി ഓരോ വീടുകളിലായി മാറിമാറി താമസിക്കേണ്ടി വരുന്നവർ. കണ്ണൂരിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലുള്ളവരുടെ ദുരിതങ്ങൾ തീരുന്നില്ല. ഇരിട്ടി ചെന്നലോട്ടെ മനോജിന്റെ വീട്ടിലും, കൊട്ടിയൂർ നെല്ലിയോടിയിലെ റോസിയുടെ വീട്ടിലും ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തിയപ്പോൾ കണ്ട ദുരിതക്കാഴ്ചകളാണ് ഇന്ന് 'കര കയറാത്ത കേരളം' പറയുന്നത്.

rehabilitation delays in landslide affected areas in kannur
Author
Kannur, First Published Dec 17, 2018, 1:12 PM IST

കണ്ണൂര്‍: ഒരു വീട്. കുന്നിടിഞ്ഞ് വീണ് അകത്തേയ്ക്ക് കയറി ജനൽച്ചില്ലുകളടക്കം പൊട്ടിത്തകർന്നു. ജനലിലൂടെ തള്ളി അകത്തേയ്ക്ക് തള്ളി നിൽക്കുന്ന മണ്ണ്. ഇനി അകത്തേയ്ക്ക് കയറാൻ പോലും നിവൃത്തിയില്ല. ഏത് നിമിഷവും വീട് നിലപൊത്താം. ഇത് കണ്ണൂർ ചെന്നലോട്ടെ മനോജിന്‍റെ വീട്.

rehabilitation delays in landslide affected areas in kannur

''കഴിഞ്ഞ ജൂൺ നാലിനാണ് ഞങ്ങളീ വീട്ടിൽ കൂടുന്നത്. വലിയ ആഘോഷായിട്ടാണ് വീട്ടുക്കൂടലെല്ലാം നടത്തിയത്. ഒരു വർഷവും ഒരു മാസവുമാണ് എനിക്കീ വീട്ടിൽ കഴിയാൻ പറ്റിയത്. നല്ലൊരു വീട്ടിൽ കിടന്ന് കൊതി തീർന്നില്ല.'' മനോജ് പറയുന്നു.

വായ്പയുടെ ഭാഗമായി 14 ലക്ഷം രൂപയ്ക്ക് ഇൻഷുറൻസ് ചെയ്ത വീടാണ്. പക്ഷെ ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് മനോജ് പറയുന്നു.

''വീട് പൂർണമായിട്ടും തകർന്നാലേ പൈസ തരൂ എന്നാണ് അവർ പറയുന്നത്. സർക്കാർ ഉപയോഗശൂന്യമായ വീടാണെന്ന് എഴുതിത്തന്നതാണെന്ന് പറഞ്ഞതാണെന്ന് പറഞ്ഞിട്ടും അവർ സമ്മതിക്കുന്നില്ല.'' 

മണ്ണ് നീക്കാൻ ശ്രമിച്ചാൽ കൂടുതൽ അപകടമുറപ്പാണ്. പൈപ്പിങ് പ്രതിഭാസം കാരണം മുകൾ ഭാഗം അപ്പാടെ വിണ്ടുകീറി നിൽക്കുന്ന നിലയിലാണുള്ളത്. ഏറെക്കാലത്തെ പ്രയത്നഫലമായ വീട്  എന്നന്നേക്കുമായി ഉപേക്ഷിച്ച് ഇപ്പോൾ വാടകയ്ക്ക് താമസിക്കേണ്ട അവസ്ഥയിലാണിവർ.

''എനിക്ക് വേറെ വഴിയില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോൾ.'' തല താഴ്ത്തി നിന്ന് മനോജ് പറയുന്നു.

''എന്‍റെ മോൻ കൂലിപ്പണിയെട്ത്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാ.'' മനോജിന്‍റെ അമ്മ പറയുന്നു. ''കൊടുക്കാനിനി നമ്മടെ അട്ക്കലൊന്നുല്ല. അവൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ.'' അവരുടെ വാക്കുകൾ ഇടറുന്നു. 

കൊട്ടിയൂർ നെല്ലിയോടിയിലുള്ള റോസിയുടെ വീട്ടിലും സ്ഥിതി വ്യത്യസ്തമല്ല. വിണ്ടുകീറിയ വീട്ടിലാണ് റോസിയും കുടുംബവും താമസം. ''മഴ വരുമ്പോ താഴെ അനിയന്‍റെ വീട്ടിലേക്ക് പോകും. മഴ കുറഞ്ഞാ ഇങ്ങോട്ടുവരും. എത്ര കാലമെന്ന് വെച്ചാ വേറൊരു വീട്ടില് താമസിച്ച് അവരെ ബുദ്ധിമുട്ടിക്ക്ന്നത്?'' റോസി ചോദിക്കുന്നു.

അങ്ങനെ എല്ലായിടത്തും മാറിമാറി നിന്ന് ഇടയ്ക്ക് രണ്ടും കൽപ്പിച്ച് മക്കളെയും കൊണ്ട് തകർന്ന വീട്ടിലേക്ക് തന്നെ മടങ്ങും റോസി. പേടിച്ചരണ്ട പത്താം ക്ലാസുകാരൻ മകന്‍റെ ചോദ്യങ്ങളെ അവഗണിക്കും.

വീട് മുഴുവൻ തകർന്നില്ലെന്ന കാരണം പറഞ്ഞ് അടിയന്തിര സഹായമായ പതിനായിരം രൂപ പോലും നിഷേധിച്ചു. കയറിനിൽക്കാൻ ഉറപ്പുള്ള ഒരു കൂരയില്ലാത്തതിനാൽ മകളെ വയനാട്ടിലെ വീട്ടിൽ നിർത്തിയിരിക്കുകയാണ്.

പുനരധിവാസ പട്ടികയിൽ നിന്നും പുറത്താണ് റോസി.  വെവ്വേറെയിടങ്ങൾ, വെവ്വേറെയാളുകൾ.. ദുരിതങ്ങളെല്ലാം ഒന്ന്.

അർഹമായ സഹായങ്ങൾക്ക് ഇവർ ഇനി ആരോട് ചോദിക്കണം?

'കര കയറാത്ത കേരളം' എന്ന വാർത്താ പരമ്പരയിൽ ഞങ്ങൾ ഇതുവരെ സംപ്രേഷണം ചെയ്ത വാർത്തകൾ ഇവിടെ കാണാം
 

Follow Us:
Download App:
  • android
  • ios