തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ വേണുഗോപാലൻ നായർ ആർ എസ് എസ് പ്രവർത്തകനെന്ന് മരുമകൻ ബിനു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ വേണുഗോപാലൻ നായർ ആർ എസ് എസ് പ്രവർത്തകനെന്ന് മരുമകൻ ബിനു. വേണുഗോപാലൻ നായർക്ക് ശബരിമല സ്ത്രീ പ്രവേശത്തിൽ ദുഖമുണ്ടായിരുന്നു. സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ ഇതുവരെ പോയിട്ടില്ലെന്നും കാര്യമായ കുടുംബപ്രശ്നങ്ങള്‍ അദ്ദേഹത്തിന് ഇല്ലായിരുന്നെന്നും മരുമകന്‍ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് സമരപ്പന്തലിലേക്ക് മുട്ടട അഞ്ചുവയൽ സ്വദേശി വേണുഗോപാലൻ നായര്‍ മണ്ണെണ്ണയുമായി ഓടി കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രവർത്തകരുടെയും പൊലീസിന്‍റെയും സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. സമരപ്പന്തലിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും , ശബരിമല വിഷയത്തിലെ ജനവികാരം സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.