മാര്‍ച്ച് അഞ്ചിനാണ് തിരുവനന്തപുരം സ്വദേശിയായ  റിനിക്ക് തൃശൂര്‍ കൊണ്ടയൂരിലെ ഭര്‍തൃ വീട്ടില്‍ വെച്ച് പൊള്ളലേല്‍ക്കുന്നത്.

തൃശൂര്‍: ദേശമംഗലത്ത് പൊള്ളലേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മരണം ആത്മഹത്യയാക്കി മാറ്റി കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയായി ബന്ധുക്കള്‍ വീഡിയോ പുറത്തുവിട്ടതോടെ കേസ് ക്രൈം ബ്രാഞ്ചിന് വിടാന്‍ തൃശൂര്‍ എസ് പി നിര്‍ദ്ദേശം നല്‍കി.

മാര്‍ച്ച് അഞ്ചിനാണ് തിരുവനന്തപുരം സ്വദേശിയായ റിനിക്ക് തൃശൂര്‍ കൊണ്ടയൂരിലെ ഭര്‍തൃ വീട്ടില്‍ വെച്ച് പൊള്ളലേല്‍ക്കുന്നത്. റിനിയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ സ്‌ത്രീധനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു റിനി പൊലീസിന് മൊഴി നല്‍കിയത്. ഭര്‍ത്താവ് സാജു, സാജുവിന്‍റെ സഹോദരി, അമ്മ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പൊലീസ് കേസുമെടുത്തു. ചികിത്സയിലിരിക്കെ മാര്‍ച്ച് 18 ന് റിനി മരിച്ചു. എന്നാല്‍ പൊലീസ് രേഖപ്പെടുത്തിയ റിനിയുടെ മരണമൊഴി വ്യാജമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണമൊഴിയുടെ വീഡിയോയും ബന്ധുക്കള്‍ പുറത്തു വിട്ടു.

പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ എസ്.പി യതീഷ് ചന്ദ്ര കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. ഡി.വൈ.എസ്.പി ഫ്രാന്‍സിസ് ഷെല്‍ബിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ സംഭവം ആത്മഹത്യ തന്നെയാണെന്നും മരണ മൊഴി തിരുത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും ചെറുതുരുത്തി പൊലീസ് വ്യക്തമാക്കി.