ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരനായ പല്ലന്‍ സജീവ് എന്ന സജീവ് ഏലിയാസ് മരിച്ചത്. സെല്‍ മാറ്റിയ വിഷമത്തില്‍ തോര്‍ത്തില്‍ തൂങ്ങി മരിച്ചെന്നെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ വീഴ്ച്ച പറ്റിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും എടുത്തു. സജീവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭാര്യയും അമ്മയും മുഖ്യമന്ത്രിയ്‌ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി

സജീവന്റെ മൃതദേഹത്തില്‍ ക്രൂരമ‍ര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ തടവുശിക്ഷ അനുഭവിച്ച സജീവന്റെ പേരില്‍ ജയിലില്‍ മരുന്ന് വാങ്ങുന്നത് തുടരുന്നത് കണ്ട് ചോദ്യം ചെയ്തതിലെ ദേഷ്യം ജയിലുദ്യോഗസ്ഥര്‍ക്ക് സജീവനോടുണ്ടായിരുന്നെന്ന് സഹതടവുകാരില്‍ നിന്നറിഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സജീവന്റെ മരണം ആത്മഹത്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ജയില്‍ സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.