'പ്രായമായ മാതാപിതാക്കളെ നോക്കുന്നതാണ് ഏറ്റവും വലിയ ജിഹാദ്. ഞങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെ മറ്റെന്താണ് നിനക്ക് വേണ്ടത്. നീ പോയതില്‍ പിന്നെ നിന്റെ ഉമ്മയും പിതാവും അസുഖത്തിലായി കിടപ്പിലാണ്' 

ബദര്‍വാ: തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന യുവാവിനോട് തിരിച്ചുവരാന്‍ ആവശ്യപ്പെട്ട് ബന്ധുക്കളുടെ സന്ദേശം. വാര്‍ത്താചാനലുകളിലൂടെയാണ് 29കാരനായ ഹാറൂണ്‍ അബ്ബാസ് വാണിയുടെ ബന്ധുക്കള്‍ സംസാരിച്ചത്. 

'പ്രായമായ മാതാപിതാക്കളെ നോക്കുന്നതാണ് ഏറ്റവും വലിയ ജിഹാദ്. ഞങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ പിന്നെ മറ്റെന്താണ് നിനക്ക് വേണ്ടത്. നീ പോയതില്‍ പിന്നെ നിന്റെ ഉമ്മയും പിതാവും അസുഖത്തിലായി കിടപ്പിലാണ്. അവര്‍ക്ക് നിന്നെ കാണണം. നീ തിരിച്ചുവരണം'- ഹാറൂണിന്റെ ബന്ധു പറഞ്ഞു. 

എം.ബി.എ ബിരുദധാരിയായ ഹാറൂണ്‍ പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും ഇത്തരത്തിലൊരു തീവ്രവാദ സംഘടനയില്‍ ചേരുമെന്നതിന്റെ ഒരു സൂചന പോലും തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും ഹാറൂണിന്റെ അമ്മാവന്‍ പറഞ്ഞു. 

ദോഡ ജില്ലയിലെ ഗട്ട് ആണ് ഹാറൂണിന്റെ സ്വദേശം. ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്ന ഹാറൂണ്‍ കയ്യില്‍ എ.കെ 47 പിടിച്ച് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയികളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഹാറൂണിന് മുമ്പ് കശ്മീരില്‍ നിന്ന് ജൂലൈയില്‍ 25കാരനായ ആബിദ് ഹുസൈന്‍ ലഷ്‌കറെ-ത്വയിബയിലും ചേര്‍ന്നിരുന്നു. 

അതേസമയം ഹാറൂണ്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും തിരികെ വരികയാണെങ്കില്‍ എല്ലാവിധ സഹായവും നല്‍കുമെന്നും സൈന്യം അറിയിച്ചു.