മധുര: അപകടത്തില്‍ മരിച്ച 60 കാരിയുടെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചത് മറ്റൊരു സ്ത്രീയുടെ ശരീരം. മധുരയിലാണ് സംഭവം. അപകടത്തില്‍ മരിച്ച അണ്ണാലക്ഷ്മിയുടെ ശരീരം ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വെള്ളത്തുണി പുതപ്പിച്ചായിരുന്നു മൃതദേഹം ലഭിച്ചത്.

അന്ത്യകര്‍മ്മങ്ങള്‍ക്കായി ഇവരെ പുതപ്പിച്ചിരുന്ന വെള്ളത്തുണി മാറ്റിയതോടെയാണ് അണ്ണാലക്ഷ്മിയുടെ മൃതദേഹമല്ലിത് എന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായത്. 
പൊള്ളലിന്‍റെ പാടുകളുള്ള യുവതിയുടെ മൃതദേഹമായിരുന്നു ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. 

തുടര്‍ന്ന് യുവതിയുടെ മൃതദേഹം ആശുപത്രിക്ക് വിട്ടുകൊടുക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് അണ്ണാലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കള്‍ വിട്ട് നല്‍കി.