ഓഖി ദുരിതം വിതച്ച് ഒരു വർഷം പൂർത്തിയായിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ വിതരണം പൂർത്തിയായില്ല. കേടുപാടുകൾ സംഭവിച്ച വലിയ ബോട്ടുകളും ചെറു വള്ളങ്ങളും ഇനിയും കടലിലിറക്കാനാവാതെ ദുരിതത്തിലാണ് ബോട്ടുടമകളും മൽസ്യത്തൊഴിലാളികളും.

തിരുവനന്തപുരം: ഓഖി ദുരിതം വിതച്ച് ഒരു വർഷം പൂർത്തിയായിട്ടും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ വിതരണം പൂർത്തിയായില്ല. കേടുപാടുകൾ സംഭവിച്ച വലിയ ബോട്ടുകളും ചെറു വള്ളങ്ങളും ഇനിയും കടലിലിറക്കാനാവാതെ ദുരിതത്തിലാണ് ബോട്ടുടമകളും മൽസ്യത്തൊഴിലാളികളും.

ഓഖി ചുഴലിക്കാറ്റിൽ പെട്ട് കോഴിക്കോട് ജില്ലയിൽ 15 ബോട്ടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. നിരവധി ചെറുവള്ളങ്ങൾക്കും കേടുപാടുകളുണ്ടായി. ആകെ 50 ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം സംഭവിച്ചെന്നാണ് ബോട്ടുടമകളുടെ കണക്ക്. 

എന്നാൽ ജില്ലയ്ക്ക് അനുവദിച്ചത് 29 ലക്ഷം രൂപ മാത്രം. ഫിഷറീസ് വകുപ്പ് വഴി ഇതുവരെ വിതരണം ചെയ്തത് പതിനാറ് ലക്ഷത്തി നാൽപത്തി അയ്യായിരം രൂപ. പ്രൊപ്പല്ലറുകളടക്കം നശിച്ച് ഉപയോഗ ശൂന്യമായ പല ബോട്ടുകൾക്കും യഥാർത്ഥ നഷ്ടത്തേക്കാൾ തീരെ കുറഞ്ഞ തുകയാണ് കിട്ടിയതെന്ന് ബോട്ടുടമകൾ പറയുന്നു.

15 ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിൽ ആറെണ്ണത്തിനുള്ള നഷ്ടപരിഹാരം മാത്രമാണ് വിതരണം ചെയ്തത്. ചെറുവള്ളങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണം തുടങ്ങിയിട്ടുമില്ല. നഷ്ടപരിഹാരത്തുകയുടെ രണ്ടാം ഗഡുവിനെ കുറിച്ച് സർക്കാരിൽ നിന്ന് സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറയുന്നത്. നഷ്ടപരിഹാരത്തുകയുടെ രണ്ടാം ഘട്ടം അനുവദിച്ചില്ലെങ്കിൽ ജീവിതം ദുരിതത്തിലാകുമെന്നാണ് മൽസ്യത്തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്.