ഹെലികോപ്ടര്‍, ബോട്ട്, ചെറു വഞ്ചികള്‍, ബാര്‍ജ്, റോ-റോ ജങ്കാര്‍ എന്നിങ്ങനെ സംവിധാനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 200ലേറെ മത്സ്യബന്ധന ബോട്ടുകളാണ് കടല്‍ മേഖലയില്‍ നിന്നും എത്തിയത്

കൊച്ചി: മഹാപ്രളയം ആഞ്ഞടിച്ച എറണാകുളം ജില്ലയില്‍ നിന്ന് ആശ്വാസ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ജലനിരപ്പ് കുറഞ്ഞതിനോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജിതമായാണ് നടക്കുന്നത്. ഹെലികോപ്ടര്‍, ബോട്ട്, ചെറു വഞ്ചികള്‍, ബാര്‍ജ്, റോ-റോ ജങ്കാര്‍ എന്നിങ്ങനെ സംവിധാനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 200ലേറെ മത്സ്യബന്ധന ബോട്ടുകളാണ് കടല്‍ മേഖലയില്‍ നിന്നും എത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ കുറഞ്ഞിരുന്നു. ഇതോടെ വെെകുന്നേരം ഏറെ പേരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പറവൂര്‍, പാനായിക്കുളം, പുത്തന്‍വേലിക്കര എന്നീ ഭാഗങ്ങളിലെല്ലാം ഇപ്പോഴും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. എങ്കിലും ആദ്യഘട്ടമായി അവര്‍ക്ക് ഹെലികോപ്ടറില്‍ ഭക്ഷണവും മരുന്നും എത്തിക്കാനാണ് ദൗത്യ സഘം പ്രാധാന്യം നല്‍കുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസിന് വേണ്ടി പി. അമ്പളി റിപ്പോര്‍ട്ട് ചെയ്തു.

ആലൂവ യുസി കോളജിലും കളമശേരി കുസാറ്റിലും പതിനായിരത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ദുരിത മേഖലയില്‍ ട്രക്കുകളും ടോറസും ഉപയോഗിച്ച് മാത്രമാണ് ഗതാഗതം സാധ്യമാകുന്നത്. ഇവ ഉപയോഗിച്ച് ആവശ്യ സാധനങ്ങള്‍ എത്തിക്കാനാണ് ശ്രമം. ജില്ലയില്‍ മുന്നൂറ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഹെല്‍പ്പ് ലെെന്‍ തുടങ്ങിയിട്ടുണ്ട്.

ഇതുവരെ 597 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. അതില്‍ ഒരു ലക്ഷത്തിലേറെ പേരാണ് കഴിയുന്നത്. എങ്കിലും, ചേന്ദമംഗലം അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടില്ല. ഇവിടെ കോസ്റ്റ് ഗാര്‍ഡ് സംഘം രാവിലെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കാലടി, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. എങ്കിലും റോഡുകളുടെ ശോചനീയവസ്ഥ കാരണം ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. ദേശീയ പാതയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ട്. അത് കൊണ്ട് ചെറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.