ചെന്നൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും അകന്ന് കഴിഞ്ഞ 25 കാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 18 മാസം പഴക്കമുണ്ട് മൃതദേഹത്തിന്. പര്‍വീണ്‍ ബാനുവിന്‍റെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. ചെന്നൈയിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് 2015 ലാണ് ഇവര്‍ വീട് വിട്ടിറങ്ങിയത്. പെരിങ്ങലത്തൂരിനടുത്തുള്ള ശശികുമാര്‍ നഗറിലാണ് ഇവര് വീട് വാടകയ്ക്ക് എടുത്തത്. പുതിയ താമസസ്ഥലം ആരേയും അറിയിച്ചിരുന്നില്ല.

ഭാര്യയെ കാണാതായി എന്ന ഇളയരാജയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നതും മൃതദേഹം കണ്ടെടുത്തതും. പുതിയ താമസസ്ഥലത്തിനടുത്തുള്ള മാണിക്യം , രാജ എന്നിവരുമായി ബാനു സൗഹൃദത്തിലായി. പിന്നീട് നടന്ന ഒരു വാക്കേറ്റത്തില്‍ ബാനുവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നു.

ബാനുവിന്‍റെ സ്മാര്‍ട്ട് ഫോണ്‍ പ്രതികളിലൊരാള്‍ സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് പൊലീസിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. ബാനുവിന്‍റെ ഫോണ്‍ ട്രെയ്സ് ചെയ്തിരുന്ന പൊലീസ് സിഗ്നല്‍ ലഭിച്ചതോടെ യുവതിയെ അന്വേഷിച്ച് ചെന്നൈയിലെത്തി. എന്നാല്‍ ഫോണ്‍ പ്രതികളായ മാണിക്യത്തിന്‍റെയും രാജയുടെയും കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ ബാനുവിനെ കൊലചെയ്തെന്ന് സമ്മതിക്കുകയായിരുന്നു.