Asianet News MalayalamAsianet News Malayalam

അയ്യപ്പന്റെ ഓര്‍മകള്‍ക്ക് ആറ് ആണ്ട്

Remebering Poet A Ayyappan
Author
Thiruvananthapuram, First Published Oct 20, 2016, 11:11 PM IST

തിരുവനന്തപുരം: കവി എ അയ്യപ്പന്‍ ഓര്‍മ്മയായിട്ട് ഇന്ന് ആറ് വര്‍ഷം. ആധുനിക കവിതയില്‍ വ്യത്യസ്തത പുലര്‍ത്തിയ രചനാസങ്കേതങ്ങളും ബിംബാവിഷ്കാരങ്ങളുമായിരുന്നു, അയ്യപ്പൻ കവിതകളുടെ സവിശേഷത. വഴിമാറി നടത്തമായിരുന്നു അയ്യപ്പന്റെ കവിതയും ജീവിതവും. പൊള്ളയായ പൊങ്ങച്ചങ്ങള്‍ക്കും ഉപരിപ്ലവമായ കാഴ്ചകള്‍ക്കുമപ്പുറം സത്യസന്ധമായ ജീവിതത്തില്‍ നിന്നായിരുന്നു അയ്യപ്പൻ, കവിതയെ കണ്ടെടുത്തത്.

അലംകൃതമായ എഴുത്തു മുറികളില്‍ മാത്രമല്ല, വിയര്‍പ്പൊട്ടിപ്പിടിച്ച കീറുകുപ്പായത്തിന്റെ മടക്കുകളിലും, മുനയും മൂര്‍ച്ചയുമുള്ള കവിതയുണ്ടാകുമെന്ന്, മലയാളി തിരിച്ചറിഞ്ഞതും അയ്യപ്പനില്‍ നിന്നായിരുന്നു.  തിരുവനന്തപുരം നേമത്തെ  സമ്പന്നപശ്ചാത്തലമുള്ള ഒരു വിശ്വകര്‍മ്മ കുടുംബത്തിൽ, 1949 ഒക്ടോബര്‍ 27 നായിരുന്നു ജനനം.  അറുമുഖത്തിന്റെയും മുത്തമ്മാളിന്റെയും പുത്രനായി.

നഷ്ടത്തിന്റെ കഥകള്‍ മാത്രമാണ് അയ്യപ്പന്, ബാല്യം സമ്മാനിച്ചത്. ഒരു വയസ്സു തികയും മുന്‍പ് അച്ഛന്‍ മരണപ്പെട്ടു. അതൊരു ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഒരിക്കല്‍ ഒരാളെ ചൂണ്ടിക്കാട്ടി അമ്മ അദ്ദേഹത്തോടു പറഞ്ഞിരുന്നു, അയാളാണ് അച്ഛനെ കൊന്നതെന്ന്. പതിഞ്ചാം വയസ്സില്‍  അമ്മയും വിടവാങ്ങി. പിന്നീട് സഹോദരി സുബ്ബലക്ഷ്മിയുടേയും അവരുടെ ഭര്‍ത്താവ് വി കൃഷ്ണന്റേയും സംരക്ഷണയിൽ അയ്യപ്പന്‍ വളര്‍ന്നു. പക്ഷേ മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് അനാഥത്വവും നിരാലംബത്വവും ചേര്‍ന്നു നല്‍കിയ മുറിപ്പാടുകൾ നോവു പകര്‍ന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ട്യൂട്ടോറിയൽ കോളജ് അധ്യാപകനായും സി പി ഐ പ്രസിദ്ധീകരണമായ' നവയുഗ'ത്തിൽ പ്രൂഫ് റീഡറായും ജോലി നോക്കി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോൾ തന്നെ കവിതയെഴുത്തു തുടങ്ങിയിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള സഹവര്‍ത്തിത്വവും ജനയുഗത്തിൽ ലഭിച്ച ഉദ്യോഗവും അദ്ദേഹത്തിന്റെ എഴുത്തിനു ശക്തി പകര്‍ന്നു. അനാഥമേല്‍പ്പിച്ച കടുത്ത മനോവേദയുടെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു മിക്ക കവിതകളും. തികച്ചും അരാജകത്വത്തിന്റെ ഉറക്കെയുള്ള നിലവിളികള്‍.

കടത്തിണ്ണകളും പുഴക്കരയും തെരുവോരവും ഒക്കെയാണു ഇരുന്നെഴുതാന്‍ അയ്യപ്പന് തുണയായത്. തന്റെ അനാഥത്വത്തെപ്പോലും ഇത്രയേറെ ആഘോഷമാക്കിയ മറ്റൊരാള്‍ ഈ ലോകത്തു തന്നെയുണ്ടാവില്ല.1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹനായി. 2010 ലെ ആശാന്‍ പുരസ്കാരവും ലഭിച്ചു. കവിയുടെ പ്രണയം കവിതയേക്കാളേറെ മദ്യത്തോടായത് യാദൃശ്ചികം. മലയാള ഭാഷയുടെ ഏറ്റവും വലിയൊരു ദര്‍ഭാഗ്യവും. കവിയെ നമുക്കു നഷ്ടമാക്കിയതും മദ്യം തന്നെ.

Follow Us:
Download App:
  • android
  • ios