സന്നിധാനം: ശുദ്ധിക്രിയക്ക് ശേഷം ശബരിമല നട തുറന്നു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധിക്രിയയ്ക്ക് ശേഷമാണ് നട തുറന്നത്. പതിനെട്ടാം പടിയിലൂടെ സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിട്ട് തുടങ്ങി. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ നടന്നത്. പരിഹാര ക്രിയ നടന്ന സമയത്ത് സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റിയിരുന്നു. തന്ത്രിയും മേൽശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യത്തിൽ ബോര്‍ഡിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വിശദമാക്കിയിരുന്നു. 

യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്. ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു. 

നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.