കോഴിക്കോട്: 1000 ജീവിക്കുന്ന ചെടികള്‍ എന്ന പേരില്‍ ഓര്‍മ്മ മരം പദ്ധതിയുമായി താമരശേരി കാഞ്ഞിരത്തിങ്ങല്‍ അബ്ദുല്‍ റഷീദ്. സ്വകാര്യ ആശുപത്രി മാനേജറും സാമൂഹ്യ പ്രവര്‍ത്തകനുമായ റഷീദ് താന്‍ സമര്‍പ്പിച്ച ആയിരത്തില്‍പ്പരം വിവിധ ഇനങ്ങളിലുള്ള ചെടികളുടെ സംരക്ഷകനാണിപ്പോള്‍. മാവ്, പ്ലാവ്, ഫേഷന്‍ഫ്രൂട്ട്, റംബുട്ടാാന്‍, ചിറ്റരത്ത, കരളേകം, തിപ്പല്ലി, വാതംകൊല്ലി, കുരുമുളക്, പാല്‍മുതക്ക്, തൊഴുകണ്ണി, ചങ്ങലംപരണ്ട, പുളി തുടങ്ങിയവ വിത്തുപാകി മുളപ്പിച്ചും നഴ്സറികളില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയും വിവിധ മേഖലകളിലുള്ള സുഹൃത്തുക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമ്മാനമായാണ് ഇദ്ദേഹം നല്‍കുന്നത്.
ഇങ്ങനെ നല്‍കുന്ന ഹരിത സമ്മാനങ്ങള്‍ക്ക് മറ്റൊരു വ്യത്യസ്ഥതകൂടിയുണ്ട്. ആര്‍ക്കാണൊ ഇവ നല്‍കുന്നത് അവര്‍ക്ക് പ്രിയപ്പെട്ട മാതാപിതാക്കള്‍, ഗുരുവര്യന്‍മാര്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, സ്‌കൂള്‍, കോളേജ്, പള്ളി, ക്ഷേത്രം എന്നിങ്ങനെ വേണ്ടപ്പെട്ടവരുടെയും സ്ഥാപനങ്ങളുടെയും ജീവിക്കുന്ന സ്മരണയ്ക്കായാണ് ഓര്‍മ്മ മരങ്ങള്‍ റഷീദ് സമര്‍പ്പിക്കുന്നത്. തൈകള്‍ നല്‍കുക മാത്രമല്ല, അവ സംരക്ഷിക്കാനുള്ള വഴികള്‍കൂടി റഷീദ് പകര്‍ന്നുനല്‍കും. ജന്‍മദിനം, വിവാഹം തുടങ്ങിയ ഏത് വിശേഷചടങ്ങുകള്‍ക്കും റഷീദ് നല്‍കുക തന്റെ ഹരിത സമ്മാനങ്ങള്‍ മാത്രമാണ്.
ജോലിത്തിരക്കിനിടയില്‍ അതിരാവിലെയും അവധി ദിനങ്ങളിലും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഓര്‍മച്ചെടിയുമായി എത്തുന്ന റഷീദ് കുഴിയെടുത്ത് ചെടി നട്ട്, അവ സംരക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും വീട്ടുകാര്‍ക്ക് നല്‍കും. ഒരു വീട്ടിലെ ഒരംഗത്തെ ചെടി സംരക്ഷിക്കാനായി ചുമതലപ്പെടുത്തും. പിന്നീട് മാസത്തിലൊരിക്കലെങ്കിലും അബ്ദുല്‍ റഷീദ് ചെടി കാണാനെത്തും. വീടുകളിലെ കുട്ടികളെയാണ് ചെടിയുടെ സംരക്ഷണം ഇദ്ദേഹം ഏല്‍പ്പിക്കുന്നത്. ഇതിലൂടെ പുതിയ തലമുറക്ക് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശമാണ് റഷീദ് കൈമാറുന്നത്. 12 വയസ്സുകാരി മകള്‍ നൂറ സൈനബും പദ്ധതി വിജയത്തിനായി നിഴല്‍പോലെ കൂടെയുണ്ടെന്ന്് റഷീദ്.
ഇപ്പോള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഡ്വക്കറ്റുമാര്‍, കൃഷിക്കാര്‍, തുടങ്ങി കൂലിപ്പണി ചെയ്യുവരടക്കം ആയിരത്തില്‍പ്പരം പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും കുടുക്കിലുമ്മാരം പള്ളിപരിസരം, മുടൂര്‍ അയ്യപ്പസേവാ ഭജനമഠം, താമരശ്ശേരി അഡോറേഷന്‍ കോവെന്റ് തുടങ്ങിയ ആരാധനാലയങ്ങളുടെ പരിസരങ്ങളിലടക്കം റഷീദിന്റെ രക്ഷാകര്‍തൃത്വത്തില്‍ മരങ്ങള്‍ വളരുന്നുണ്ട്.
