Asianet News MalayalamAsianet News Malayalam

ഇളവ് പട്ടികയിൽ വെട്ടിലായി സർക്കാർ: എല്ലാം വിശദീകരിക്കാതെ ആഭ്യന്തരവകുപ്പ്

Remission of sentence list includes 11 accused of TP murder case
Author
First Published Mar 23, 2017, 1:04 PM IST

തിരുവനന്തപുരം: തിരുവനന്തപുരം: ശിക്ഷാ ഇളവിൽ ഗവർണ്ണർ വിശദീകരണം തേടിയതിന് പിന്നാലെ പുറത്ത് വന്ന ജയിൽവകുപ്പ് പട്ടിക സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കി. പട്ടിക പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയെങ്കിലും സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല. അതിനിടെ ശിക്ഷാ ഇളവിന് തുടക്കമിട്ടത് യുഡിഎഫ്  കാലാത്താണെന്ന് ആരോപിക്കുന്ന രേഖകളും പുറത്തു വന്നു 

ജയിൽ വകുപ്പിന്റെ വിവാദ പട്ടികയിൽ ഉണ്ടായിരുന്നത് 1911 തടവുകാർ. ആഭ്യന്തരവകുപ്പ് അഡീഷനൽ സെക്രട്ടറി, ജയിൽ ഡിഐജി, നിയമവകുപ്പ് ജോയിന്റ സെക്രട്ടറി എന്നിവരുൾപ്പെട്ട ഉന്നതതലസമിതി പരിശോധിച്ച ശേഷം തിരുത്തിയ പട്ടികയിലുണ്ടായിരുന്നത് 1850 പേർ. ജയിൽവകുപ്പ് പട്ടിക അതേ പടി അംഗീകരിച്ചില്ലെന്ന വാദമാണ് സിപിഎം കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തുന്നത്. എന്നാൽ ഉന്നതതലസമിതി തിരുത്തൽ വരുത്തിയ ഗവർണ്ണർക്ക് നൽകിയ പട്ടികയിൽ ചട്ടം ലംഘിച്ചുള്ള കൊടും കുറ്റവാളികൾ ഇടം പിടിച്ചുവെന്ന് വ്യക്തമാണ്. 

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവ‍ർണ്ണർ പട്ടികയിൽ വിശദീകരണം തേടിയതും മറ്റൊന്നും കൊണ്ടല്ല. വിശദീകരണം തേടിയ വിവരം രാജ്ഭവൻ തന്നെ ഔദ്യോഗികമായി മാധ്യങ്ങളെ അറിയിച്ചതും അപൂർവ്വ നടപടിയായിരുന്നു. വാടകകൊലയാളികൾ, മയക്കുമരുന്ന് കേസിലെ പ്രതികൾ കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവർ ബലാംത്സംഗം ചെയ്ത ശേഷം ഇരകളെ കൊലപ്പെടുത്തിയ പ്രതികൾ എന്നിവർക്ക് ഇളവ് പാടില്ലെന്നാണ് മാനദണ്ഡം. 

ശിക്ഷാ ഇളവിന് തുടക്കമിട്ടത് യുഡിഎഫ് സര്‍ക്കാരാണെന്ന വാദവും ശക്തമാണ് . പട്ടിക തയ്യാറാക്കിയത് കഴിഞ്ഞ ഫെബ്രുവരിയിൽ അതായത് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണെന്ന രേഖകളാണ്  പുറത്തുവന്നത്. ടിപി കേസ് പ്രതികൾക്ക് പുറമെ സന്തോഷ് മാധവനടക്കമുള്ള പ്രതികളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

എന്നാൽ ജയിൽ സൂപ്രണ്ടുമാര്‍ ലിസ്റ്റ് തയ്യാറാക്കുകമാത്രമാണ് ചെയ്തതെന്നും മന്ത്രിസഭയോഗം പോലും ലിസ്റ്റ് കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഫെബ്രുവരി 16 നാണ് ലിസ്റ്റ് കിട്ടിയത് . പരിഗണനക്ക് വരും മുൻപ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നെന്നുമാണ് വിശദീകരണം. 

ടി.പി ചന്ദ്രശേഖരന്‍ വധക്കസിലെ പ്രതികളായ കൊടി സുനി,  കെ.സി രാമചന്ദ്രന്‍,  കുഞ്ഞനന്തന്‍, സിജിത്ത്, രജീഷ്, ഷാഫി എന്നവരടക്കം 11 പ്രതികള്‍ പട്ടികയിലുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമും സര്‍ക്കാറിന്റെ പട്ടികയിലുണ്ട്.  ഇവരടക്കം 1850 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. 

എന്നാല്‍ ഇതില്‍ 150 പേരൊഴികെ മറ്റാരെയും വിട്ടയക്കാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് കഴിയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പട്ടിക തിരിച്ചയക്കുകയായിരുന്നു. പട്ടികയിലുള്ളവരുടെ പേര് ഗവര്‍ണ്ണറുടെ ഓഫീസ് പരസ്യമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരം പട്ടിക പുറത്തുവന്നത്.

Follow Us:
Download App:
  • android
  • ios