ഓരോ ട്രെയിൻ ദുരന്തങ്ങളും റെയിൽ സുരക്ഷയെകുറിച്ച് ഓര്‍മ്മപ്പെടുത്തുമ്പോഴും റയിൽ സുരക്ഷയ്ക്കായി ഒന്നും കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. കേരളത്തിലെ ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ട്രെയിനുകളുടെ ബോഗികളുടേയും റെയിൽ പാളങ്ങളുടേയും കാലപ്പഴക്കവും എംപിമാര്‍ പലപ്പോഴായി റെയിൽമന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി തുടങ്ങിയിട്ടില്ല.

98,000 കോടി രൂപ മുടക്കി ബുള്ളറ്റ് ട്രെയിൻ ഓടിക്കാനും പ്ലാറ്റ്ഫോമുകൾ മോടിപിടിപ്പിക്കാനും ശ്രദ്ധ ചെലുത്തുന്ന കേന്ദ്രസര്‍ക്കാര്‍ യാത്രക്കാരുടെ സുരക്ഷ കൂട്ടുന്നതിന്‍റെ പ്രധാന്യം കുറച്ചു. താജ്‍മഹൽ സന്ദര്‍ശനത്തിനായി അതിവേഗ ട്രെയിനായ ഗതിമാൻ എക്സ്പ്രസ് ട്രാക്കിലിറക്കാനുള്ള ശുഷ്‍കാന്തി യാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ കാട്ടിയില്ല.

സുരക്ഷ കൂട്ടാനായി ഒരുലക്ഷത്തി 19000 കോടി രൂപയാണ് കേന്ദ്ര റെയിൽ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ റെയിൽ വികസനത്തിനായുള്ള പണം റെയിൽവേ തന്നെ കണ്ടെത്തണമെന്ന നിലപാടിലാണ് ധനമന്ത്രാലയം. ഇത്തവണ റെയിൽ ബജറ്റും പൊതുബജറ്റും ഒന്നിച്ചാകുന്നതോടെ ഫണ്ടിനെകുറിച്ചുള്ള തര്‍ക്കങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.