കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നുദിവസം യമുനാതീരത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്ട്ട് ഓഫ് ലിവിങ് നടത്തിയ പരിപാടി വിവാദമായിരുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടുംവിധമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ താത്കാലിക നിര്‍മ്മാണങ്ങള്‍ മാത്രമാണ് അവിടെ നടന്നതെന്നായിരുന്നു സംഘാടകരുടെ അവകാശവാദം.
ഒരേസമയം കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ സ്റ്റേജാണ് പടുത്തുയര്‍ത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം പരിപാടി കാണാനുള്ള സൗകര്യങ്ങളും വാഹനപാര്‍ക്കിങ്ങിനുള്ള വിശാലമായ പ്രദേശവും നിര്‍മ്മിച്ചിരുന്നു. മൂന്നുദിവസത്തെ പരിപാടികൊണ്ട് പ്രദേശത്തെ മരങ്ങളും ചെടികളുമെല്ലാം നശിച്ചു. നിരവധി ജന്തുജാലങ്ങളുടെ വാസസ്ഥലം ഇതുകാരണം നഷ്ടമായി. ഇതുകൊണ്ടുള്ള നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല.
കേന്ദ്ര ജലവിഭവസെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായി ട്രൈബ്യൂണല് നിയമിച്ച ഏഴംഗ വിദഗ്ധസമിതിയുടെതാണ് റിപ്പോര്‍ട്ട്. നാഷണല്‍ എന്ന്‍വിയോണ്‍മെന്‍റ് എന്ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി ഐ.ഐ.ടി. തുടങ്ങിയവയിലെ വിദഗ്ധരും സമിതിയിലുണ്ടായിരുന്നു.
യമുനാതീരത്തിന്റെ പുനരുജ്ജീവനത്തിന് എത്ര തുക ആവശ്യമാണെന്ന് തീരുമാനിക്കാൻ മറ്റൊരു സ്വതന്ത്ര ഏജൻസിയുടെ പദ്ധതി റിപ്പോർട്ട് കൂടി ലഭിക്കണമെന്നും വിദഗ്ധ സമിതി ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. 45 ദിവസത്തിനുള്ളിൽ പദ്ധതി റിപ്പോർട്ട് നൽകാൻ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടു. യമുനാതീരത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് ആർട്ട് ഓഫ് ലിവിംഗിന്റെ പ്രവർത്തകർ തങ്ങളെ തടഞ്ഞെന്ന് സമിതി അധ്യക്ഷൻ ആരോപിച്ചു.
അതേസമയം അശാസ്ത്രീയവും ഏകപക്ഷീയവുമായ റിപ്പോർട്ടാണ് സമിതി നൽകിയിരിക്കുന്നതെന്ന് ആർട്ട്ഓഫ് ലിവിംഗ് പ്രതികരിച്ചു. സമിതിയെ പുനസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലിൽ അപേക്ഷ നൽകിയ സാഹചര്യത്തിൽ ശശി ശേഖർ സമിതിയുടെ റിപ്പോർട്ട് പരിഗണിക്കുന്നത് ശരിയല്ലെന്നും ആർട്ട് ഓഫ് ലിംവിംഗ് പറയുന്നു. യമുനാതീരം മലിനമാക്കിയതിന് ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ അഞ്ച് കോടി പിഴ നേരത്തെ ആർട്ട് ഓഫ് ലിവിംഗ് അടച്ച് തീർത്തിരുന്നു. സെപ്തംബർ 28 ന് കേസ് ദേശീയ ഹരിത ട്രിബ്യൂണൽ പരിഗണിക്കും.
