ജലന്ധർ ബിഷപ്പിനെതിരായ പരാതി ഏകപക്ഷീയ അന്വേഷണം നടത്തരുതെന്ന് ആവശ്യം ഫാ. പീറ്ററാണ് ഡിജിപിയെ കണ്ടത് പരാതി സ്വീകരിക്കാനാകില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്‍റെ പ്രതിനിധി ഡിജിപി ലോക്നാഥ് ബഹ്റയെ കണ്ടു. പരാതിയില്‍ പൊലീസ് ഏകപക്ഷീയ അന്വേഷണം നടത്തരുതെന്നാവശ്യപ്പെട്ട് ഫാ. പീറ്ററാണ് ഡിജിപിയെ കണ്ടത്. എന്നാല്‍ പരാതി സ്വീകരിക്കാനാകില്ലെന്ന് ഡിജിപി അറിയിച്ചു. പരാതി ഉണ്ടെങ്കിൽ കോട്ടയം എസ്പിക്കാണ് കൈമാറേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, ബിഷപ്പ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചുവെന്ന ആരോപണത്തില്‍ തെളിവൊന്നും കിട്ടിയില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ബിഷപ്പ് നാല് തവണ കണ്ണൂരിലെ മഠത്തില്‍ പോയിട്ടുണ്ട്. കണ്ണൂരിലെ മഠത്തില്‍ ഈ കാലയളവില്‍ താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു. രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലന്ധർ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പ‍ഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.

ഇതിനിടെ, ബിഷപ്പിനെതിരെ നിലപാടെടുക്കാനാകില്ലെന്ന് വ്യക്തമാക്കി കൊണ്ട് ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിക്ക് മിഷനറീസ് ഓഫ് ജീസസിന്‍റെ മദർ ജനറാളിന്‍റെ മറുപടി കത്ത് ലഭിച്ചു. ഈ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അധീനതയിലാണ് സന്യാസിനി മഠം. സന്യാസിനി മഠത്തിന്‍റെ നിലനില്‍പ്പിന് ബിഷപ്പിന്‍റെ പിന്തുണ ആവശ്യമാണ്. അതിനാൽ തനിക്ക് ബിഷപ്പിനെതിരെ നിലപാടെടുക്കാനാകില്ലെന്ന് ജനറാള്‍ കത്തില്‍ പറയുന്നു.