തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ താണ്ഡവം കഴിഞ്ഞ് മൂന്നാം ദിവസവും കാണാതായവരെക്കുറിച്ച് കൃത്യമായ വിവരമില്ല. പല ബോട്ടുകളും ഓഖിയെ ഭയന്ന് സുരക്ഷിതമായ ഇടത്തേക്ക് മാറിയിട്ടുണ്ടെങ്കിലും ഇതിലുള്ള മത്സ്യത്തൊഴിലാളികള്‍ എവിടെയൊക്കെയാണ് തമ്പടിച്ചത്, അത് ഏതൊക്കെ ജില്ലക്കാരാണ് എന്ന കാര്യം വ്യക്തമല്ല. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും പോയ 68 ബോട്ടുകളും അതിലുള്ള 952 മത്സ്യത്തൊഴിലാളികളും മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗില്‍ എത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇതോടൊപ്പം ഗുജറാത്തിലും ലക്ഷദ്വീപിലും ബോട്ടുകള്‍ എത്തിയതായാണ് വിവരം.
സുരക്ഷിതസ്ഥാനം തേടിയുള്ള യാത്രയ്ക്കിടെ പല ബോട്ടുകളും തകരുകയും ഇന്ധമില്ലാതെ നടുക്കടലില്‍ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട് ഈ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചാണ് ഇപ്പോള്‍ പ്രധാനമായും ആശങ്ക നിലനില്‍ക്കുന്നത്. തകര്‍ന്നു പോയ ബോട്ടുകളില്‍ നിന്ന് സുരക്ഷാസേന രക്ഷിച്ചവര്‍ ഒപ്പമുള്ള ചിലര്‍ മുങ്ങിപ്പോവുന്നത് കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്നും കടലില്‍ പിടിച്ചു നിന്ന 81 പേരെ ഇന്ന് കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ടെന്നത് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നുണ്ട്. കാലാവസ്ഥ അനുകൂലമായതോടെ സുരക്ഷാസേനകള്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഉള്‍ക്കടലിലേക്ക് നീട്ടിയിട്ടുണ്ട്. ഇതോടൊപ്പം വിഴിഞ്ഞതും പൂവാറിലും മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയിലും തിരച്ചിലിനിറങ്ങി. ഇങ്ങനെ പൂന്തുറയില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇന്ന് രാവിലെ ഒരു മൃതദേഹം ലഭിച്ചത്. ഇതു കൂടാതെ ലക്ഷദ്വീപിലെ കടമത്ത് ദ്വീപിലും തകര്‍ന്ന ബോട്ടില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരു മത്സ്യത്തൊഴിലാളി മരിച്ചിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ തിരുവനന്തപുരത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ പേരെ കാണാതായതും. ജില്ലയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 104 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. വിവിധ തുറമുഖങ്ങളിലും തീരങ്ങളിലും അഭയം തേടിയ മത്സ്യത്തൊഴിലാളികള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്തിയാല്‍ മാത്രമേ കാണാതായ ആളുകളുടെ എണ്ണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ എന്നതാണ് നിലവിലെ അവസ്ഥ. എന്തായാലും ഞായറാഴ്ച്ച ഉച്ചവരെ മാത്രം 81 പേരെ രക്ഷിച്ചു കരയ്ക്ക് കൊണ്ടു വരാന്‍ സാധിച്ചത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
