വെള്ളച്ചാട്ടത്തിന്‍റെ സമീപത്ത് നിന്ന് രക്ഷപ്പെടുത്തിയത് നൂറിലധികം പേരെ

മുംബൈ: കുത്തിയൊലിക്കുന്ന വെള്ളക്കെട്ടിന് മുകളിലൂടെ കയറില്‍ തൂങ്ങി അതിസാഹസികമായി ജീവിതത്തിലേക്ക് ഒരു തിരിച്ചുകയറ്റം. കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്ന് മുംബൈയില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരെ പാല്‍ഗര്‍ ജില്ലയിക്കടുത്തുള്ള വാസൈയിലുള്ള വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

നൂറിലധികം പേരെയാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചുവന്ന് കുടുങ്ങിക്കിടന്നയിടത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത് ഏറെ ആശങ്കകള്‍ക്കിടയാക്കിയെങ്കിലും മറ്റെല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. 

ഇന്ത്യന്‍ എയര്‍ ഫോഴ്‌സാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യം ട്വീറ്റ് ചെയ്തത്. മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാകുമ്പോഴും ജീവന്‍ പണയപ്പെടുത്തിയാണ് സേന വിനോദ സഞ്ചാരികളേയും നാട്ടുകാരേയും രക്ഷപ്പെടുത്തിയത്. 

പ്രാദേശിക ഭരണ കേന്ദ്രങ്ങളുടെ നേതൃത്വത്തിലായിരുന്നു ആദ്യം ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നതെങ്കിലും പിന്നീട് ഉള്‍ക്കാടുകളും മലകളും ഉള്‍പ്പെട്ട പ്രദേശത്ത് നിന്ന് ഇത്രയധികം ആളുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതോടെയാണ് വ്യോമസേനയുടെ സഹായം തേടിയത്. വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ നിലവില്‍ ആരും തുടരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

എയര്‍ഫോഴ്സ് ട്വീറ്റ് ചെയ്ത രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യം-

Scroll to load tweet…