Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; പ്രത്യേക ഹെല്‍പ്പ്‍ലൈന്‍ നമ്പരുകള്‍ തുടങ്ങി

തിരുവല്ലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. നീണ്ടകരയില്‍ നിന്നും എത്തിച്ച നാല് വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയിലേക്ക് ഉടന്‍ എത്തും. എന്‍ഡിആര്‍എഫിന്റെ അഞ്ചു ടീമുകള്‍ കൂടി ഉടന്‍ എത്തും. 
 

rescue operations continues
Author
Pathanamthitta, First Published Aug 17, 2018, 8:26 AM IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നതിന് പ്രത്യേക ഹെല്‍പ്പ്‍ലൈന്‍ നമ്പരുകള്‍ തുടുങ്ങി.9188294112, 9188295112, 9188293112 എന്നി നമ്പറുകളിലാണ് വിളിക്കേണ്ടത്. 24 മണിക്കൂറും വിവരങ്ങള്‍ ഈ നമ്പറിലേക്ക് വിളിച്ച് അറിയാക്കാവുന്നതാണ്. വിളിക്കുന്നതിന് പുറമേ വാട്ട്സാപ്പ് സന്ദേശങ്ങളും കൈമാറാവുന്നതാണ്. കളക്ടറേറ്റില്‍ തുറന്ന പ്രത്യേക സെല്ലില്‍ ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ പരിശോധിച്ച് ബന്ധപ്പെട്ട ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

തിരുവല്ലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. നീണ്ടകരയില്‍ നിന്നും എത്തിച്ച നാല് വലിയ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറു ബോട്ടുകള്‍ കൂടി നീണ്ടകരയില്‍ നിന്നും തിരുവല്ലയിലേക്ക് ഉടന്‍ എത്തും. എന്‍ഡിആര്‍എഫിന്റെ അഞ്ചു ടീമുകള്‍ കൂടി ഉടന്‍ എത്തും. 

പുതിയ ആറു ബോട്ടുകള്‍ കൂടി എത്തുന്നതോടെ 50 ബോട്ടുകള്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടാകും. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ബോട്ടുകളില്‍ ഒരെണ്ണം പാറയില്‍ ഇടിച്ചു തകരാറിലായി. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളും പുനരാരംഭിച്ചു. ആറന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നും 500 പേര്‍ക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടര്‍ ഏഴുമണിയോടെ എത്തും. 

ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് ലൈന്‍ നമ്പരുകളിലേക്ക് നിരവധി പേരാണ് സഹായത്തിനായി ബന്ധപ്പെടുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് ഇതിനായി നിയോഗിച്ച പ്രത്യേക ടീം രാവിലെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒറ്റപ്പെട്ടു കിടക്കുന്നവരെ കണ്ടെത്തുന്നതിന് ഗൂഗിള്‍ കോ-ഓര്‍ഡിനേറ്റ്‌സ് സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ സ്വമേധയാ തുറന്നു നല്‍കണം. ഇത്തരത്തില്‍ തുറക്കാത്ത സ്ഥാപനങ്ങള്‍ പോലീസിന്റെ സഹായത്തോടെ തുറന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. 

ജില്ല ഒരു വലിയ ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാവരും തങ്ങളാല്‍ കഴിയുന്ന സേവനങ്ങള്‍ നല്‍കുവാന്‍ സ്വയം മുന്നോട്ടു വരണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഇന്നലെ രാത്രി കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുകയാണ്. മന്ത്രിയോടൊപ്പം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഡിഐജി ഷെഫീന്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവരും ജില്ലാ കളക്ടര്‍ പി.ബി. നൂഹും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ മേല്‍നോട്ടം വഹിച്ചു വരുന്നു.


 

Follow Us:
Download App:
  • android
  • ios