തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് ഏബ്രഹാമിനെ ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പിയായി നിയമിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സി.എം.ഡി ശങ്കര്‍ റെഡ്ഡിയെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചു. ഇതിനായി എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു. 

ഡി.ഐ.ജിയായി സ്ഥാനക്കയറ്റം കിട്ടിയ കെ.എ.പി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പോലീസ് ആസ്ഥാനത്ത് ഡി.ഐ.ജിയായി നിയമിച്ചു. ഇതിനായി എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു. ഡി.ഐ.ജിയായി സ്ഥാനക്കയറ്റം കിട്ടിയ സെക്യൂരിറ്റി എസ്.പി എ. അക്ബറിനെ ഡി.ഐ.ജി (സെക്യൂരിറ്റി) ആയി നിയമിച്ചു. 

ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച കോഴിക്കോട് ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പോലീസ് മേധാവിയായി കോഴിക്കോട് നിയമിച്ചു. പോലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം സുന്ദറിനെ കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സി.എം.ഡിയായി നിയമിച്ചു.

ആലപ്പുഴ എസ്.പിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ച സുജിത് ദാസിനെ കണ്ണൂര്‍ കെ.എ.പി ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിച്ചു.