നൂറ് പൊലീസുകാർക്ക് സേവനം ലഭ്യമാകും എല്ലാ വിധ ചെക്കപ്പുകളും നടത്തും
കർണാടക: തങ്ങളുടെ പ്രദേശത്ത് സേവനം ചെയ്യുന്ന ട്രാഫിക് പൊലീസുകാർക്ക് വേണ്ടി ഹെൽത്ത് ക്യാമ്പ് നടത്താനൊരുങ്ങുകയാണ് കർണാടകയിലെ ഇന്ദിരാ നഗർ റസിഡന്റ്സ് അസോസിയേഷൻ. കർണാടകയിലെ ഹലാസുരു. ജീവൻഭീമാ നഗർ എന്നീ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വേണ്ടിയാണ് ജൂലൈ 21 ന് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പ്. ഇന്ദിരാ നഗറിലെ റസിഡന്റ് വെൽഫെയർ അസോസിയേഷന്റേതാണ് ഈ ആശയം.
ട്രാഫിക് പൊലീസുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കാൻ തങ്ങൾക്ക് സാധിക്കുന്നുണ്ട് എന്ന് ഇവർ ഒന്നടങ്കം പറയുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും വാട്ട്സ് ആപ്പ് വഴി സഹായം അഭ്യർത്ഥിച്ചാൽ അവർ ഒാടിയെത്തും. വളരെ ഉത്തരവാദിത്വത്തോടെയാണ് അവർ ചുമതലകൾ നിർവ്വഹിക്കുന്നത്. അവർക്ക് എന്തെങ്കിലും തിരിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ കടമയാണ്. കോളനി നിവാസികളിലൊരാൾ പറയുന്നു. ഇവിടത്തെ താമസക്കാരിലൊരാളായ ഡോക്ടർ കിരൺ ആണ് ഈ ആശയം ആദ്യം മുന്നോട്ട് വച്ചത്. കടുത്ത പുകയിലും പൊടിയിലും ചൂടിലും ജോലി ചെയ്യുന്നവരാണ് ട്രാഫിക് പൊലീസുകാർ. കോളനി നിവാസികളിൽ ചിലർ ഇവരുടെ അവസ്ഥ നിത്യവും കാണാറുണ്ട്. അതുകൊണ്ട് തന്നെ അവർക്ക് തീർച്ചയായും ഒരു ഹെൽത്ത് ചെക്കപ്പിന്റ ആവശ്യമുണ്ടെന്ന് കോളനിക്കാർ പറയുന്നു.
രക്തപരിശോധന നടത്തിയതിന് ശേഷം മെഡിക്കൽക്യാമ്പിന് എത്തിച്ചേരാൻ പൊലീസുകാർ തയ്യാറെടുത്തു കഴിഞ്ഞു. റിപ്പോർട്ടുകളുമായിട്ടാണ് ചെക്കപ്പിന് വരേണ്ടത്. ഷുഗർ, പ്രഷർ, ഹീമോഗ്ലോബിൻ, ക്രിയാറ്റിൻ എന്നിവയാണ് പ്രധാനമായി പരിശോധിക്കുന്നത്. ഹാർട്ട്, ലിവർ എന്നിവയും കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കും. 80 മുതൽ നൂറ് പൊലീസുകാരെ വരെ ഈ ഹെൽത്ത് ക്യാമ്പിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. പിന്നീട് മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും ഈ ക്യാമ്പ് നൽകുമെന്ന് റെസിഡന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
