
ഇത് ആലപ്പുഴ മാരാരിക്കുളത്ത് നിന്നുളള കാഴ്ച. കടല്‍ത്തീരം കെട്ടിമറച്ചിരിക്കുന്നു. ഇതുവഴി നടന്നുപോകാന്‍ പാടില്ല അതാണ് ഉദ്ദേശ്യം. ജനങ്ങള്‍ക്ക് മാത്രമല്ല, മല്‍സ്യത്തൊഴിലാളികള്‍ക്കുപോലും ഇപ്പോഴിവിടേക്കൊന്നും പ്രവേശനമില്ല. വന്‍കിട റിസോര്‍ട്ടുകളിലെത്തുന്ന അതിഥികള്‍ എന്നും കടല്‍ത്തീരത്ത് വിശ്രമിക്കുന്നതിനാല്‍ ഇതുവഴി പോകുന്നവരെ പോലും റിസോര്‍ട്ടുകളുടെ സംരക്ഷണച്ചുമതലുള്ളവര്‍ തടയുന്നു. എന്താണ് നമ്മുടെ കടല്‍ത്തീരത്തിന് സംഭവിക്കുന്നത്.
പത്തുവര്‍ഷം മുമ്പാണ് തീരം വ്യാപകമായി വാങ്ങിക്കൂട്ടിത്തുടങ്ങിയത്. പതിനായിരവും ഇരുപതിനായിരവും വിലയുണ്ടായിരുന്ന ഭൂമി ഒന്നും രണ്ടും മൂന്നും ലക്ഷങ്ങള്‍ കൊടുത്ത് വന്‍കിടക്കാര്‍ മല്‍സ്യത്തൊഴിലാളികളില്‍ നിന്നും കൈക്കലാക്കി. പത്തോ ഇരുപതോ സെന്‍റല്ല. ഏക്കറുകണക്കിന് ഭൂമി. ആലപ്പുഴയ്ക്കും മാരാരിക്കുളത്തിനുമിടയില്‍ മാത്രം പത്ത് കിലോമീറ്ററിലേറെ കടല്‍ത്തീരം ഇപ്പോള്‍ റിസോര്‍ട്ടുകാരുടെ കൈകളിലാണ്.
മല്‍സ്യത്തൊഴിലാളികള്‍ ഇവിടെ നിന്നും ദൂരേയ്ക്ക് താമസം മാറിപ്പോയി. ഇവിടേക്ക് പ്രവേശനമില്ലാത്തതിനാല്‍ മല്‍സ്യത്തൊഴിലാളികളെല്ലാം കിലോമീറ്ററുകള്‍ ദൂരെ വാഹനങ്ങളില്‍ പോയാണ് ഇപ്പോള്‍ മീന്‍പിടിക്കുന്നത്.
തീരങ്ങള്‍ വാങ്ങിക്കൂട്ടുന്ന റിസോര്‍ട്ടുകാര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് പലര്‍ക്കുമറിയില്ല. പലരും റിസോര്‍ട്ടിന് വേണ്ടിയാണ് സ്ഥലം വാങ്ങിക്കൂട്ടിയതെങ്കിലും നിര്‍മ്മാണം തുടങ്ങിയിട്ടില്ല. കടല്‍ത്തീരത്ത് നിന്ന് നൂറ് മീറ്ററിനകത്ത് നിര്‍മ്മാണമൊന്നും പാടില്ലെന്ന തീരദേശ പരിപാലന നിയമത്തിന്‍റെ പരസ്യമായ ലംഘനവും ഇവിടെ നടക്കുന്നു.
