നിയമനം ലഭിച്ച് 16 ദിവസമെത്തിയപ്പോഴേക്കും പടിയിറങ്ങേണ്ടി വന്നു അധ്യാപകരെ വട്ടം കറക്കി സമഗ്ര ശിക്ഷാ അഭിയാന്‍

തൃശൂര്‍: റിസോഴ്‌സ് അധ്യാപകരെ വട്ടം കറക്കി വിദ്യഭ്യാസ മന്ത്രിയുടെ നാട്ടിലെ സമഗ്ര ശിക്ഷാ അഭിയാന്‍ മേധാവികള്‍. ഏറെ വൈകിയാണ് സംസ്ഥാനത്തെ റിസോഴ്‌സ് അധ്യാപകരുടെ കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനം ലഭിച്ച് 16 ദിവസമെത്തിയപ്പോഴേക്കും മന്ത്രിയുടെ ജില്ലയായ തൃശൂരിലെ മുഴുവന്‍ റിസോഴ്‌സ് അധ്യാപകര്‍ക്കും സ്‌കൂളുകളില്‍ നിന്ന് പടിയിറങ്ങേണ്ടിവന്നിരിക്കയാണ്.

ജില്ലയിലെ നൂറിലേറെ വരുന്ന റിസോഴ്‌സ് അധ്യാപകര്‍ക്ക് ഇക്കഴിഞ്ഞ 11 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കരാര്‍ പുതുക്കി നല്‍കേണ്ടതായിരുന്നു. കരാര്‍ പുതുക്കണമെന്ന എസ്എസ്എയുടെ ഉത്തരവ് പാലിക്കാതെ 11 മുതല്‍ റിസോഴ്‌സ് അധ്യാപകരെ വിവിധ സ്‌കൂളുകളിലേക്ക് നിയമിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അഞ്ച് കുട്ടികളില്‍ മുകളിലുള്ള സ്‌കൂളുകളിലേക്കാണ് അധ്യാപകരെ നിയോഗിച്ചത്. 

എന്നാല്‍, മാനദണ്ഡപ്രകാരം അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള കുട്ടികളില്ലെന്നതിനാല്‍ നിശ്ചയിക്കപ്പെട്ട സ്‌കൂളുകളില്‍ നിന്ന് ബുധനാഴ്ചയോടെയാണ് എല്ലാവര്‍ക്കും പടിയിറങ്ങേണ്ടിവന്നത്. നാളെ മുതല്‍ നിലവിലെ സ്‌കൂളിലെത്തേണ്ടെന്നും മറ്റൊരു സ്‌കൂളിലെത്തി അവിടെ സര്‍ട്ടിഫിക്കറ്റുള്ള അഞ്ച് കുട്ടികളെങ്കിലും ഉണ്ടോ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍, ഓരോരുത്തര്‍ക്കും ഏതേത് സ്‌കൂളുകളിലേക്കാണ് പോകേണ്ടതെന്ന വിവരം രേഖാമൂലം അറിയിച്ചില്ല. 

റിസോഴ്‌സ് അധ്യാപകര്‍ തന്നെ പരസ്പരം ഫോണ്‍ വിളിച്ചാണ് വിവരം കൈമാറിയത്. വിവരം കൃത്യമാണോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയായിരുന്നു ആദ്യമുണ്ടായതെന്ന് റിസോഴ്‌സ് അധ്യാപകര്‍ പറയുന്നു. പുതിയ സ്‌കൂളുകളിലെത്തിയപ്പോഴും അഞ്ചില്‍ താഴെയാണ് അവിടെ കുട്ടികളെന്നതിനാല്‍ പലരും ഇനിയും സ്‌കൂളുതേടി അലയേണ്ട സ്ഥിതിയുമുണ്ട്. ഇന്നലെയാണ് അധ്യാപകര്‍ തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട സ്‌കൂളുകളിലെത്തി സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

വ്യാഴാഴ്ച മുതലുള്ള ഹാജരും ഇവര്‍ക്ക് നഷ്ടമായ സ്ഥിതിയാണ്. അതേസമയം, വ്യാഴാഴ്ചയിലെ സര്‍വെ റിപ്പോര്‍ട്ടുമായി ഇന്ന് തൃശൂര്‍ ടൗണ്‍ ഹാളിലെത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ മുതല്‍ ടൗണ്‍ ഹാളിലെത്തി റിസോഴ്‌സ് അധ്യാപകര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസില്‍ നിന്നുള്ള ഉന്നതരടക്കം ഇവിടെ നടക്കുന്ന ജില്ലാ പ്ലാനിങ് യോഗത്തില്‍ സംബന്ധിക്കുന്നുണ്ടെന്നാണ് വിവരം.