വയനാട്: സഭയ്ക്ക് വിശദീകരണം കൊടുക്കും, എന്നാൽ പെട്ടന്നൊന്നും പറ്റില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫെബ്രുവരി 6നകം അടിയന്തരമായി വിശദീകരണം നൽകാൻ മദർ സുപ്പീരിയർ നിർദ്ദേശിച്ച സാഹചര്യത്തിലാണ് സിസ്റ്റർ നിലപാട് വ്യക്തമാക്കിയത്. വിശദീകരണം എഴുതാൻ തുടങ്ങിക്കഴിഞ്ഞു. നമ്പറിട്ട് ഒരുപാട് കാര്യങ്ങളിൽ വിശദീകരണം നൽകാൻ പറഞ്ഞിരിക്കുന്നുണ്ട്. എല്ലാത്തിനും കൂടിയുള്ള മറുപടി പെട്ടന്നെഴുതിത്തീർക്കാനാകില്ല, എഴുതിത്തീർത്താൽ പെട്ടന്ന് തന്നെ അയയ്ക്കുമെന്നും സിസ്റ്റർ വ്യക്തമാക്കി. 

താൻ വലിയ പാപങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് സഭ പറയുന്നത്. സഭയ്ക്ക് ആ നിലപാടിൽ നിന്ന് മാറാനും സാധിക്കില്ല. അതിനാൽ സഭ അതിന്‍റെ നിലപാടിൽ മുന്നോട്ട് പോകട്ടെ എന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. 

സഭയെ താൻ കുറ്റപ്പെടുത്തി എന്ന് കത്തിൽ എഴുതിയിട്ടുണ്ട്. അത്തരത്തിൽ താൻ സഭയെ അപമാനിച്ച ഒരു മാതൃകയെങ്കിലും കാണിച്ചു തന്നിരുന്നെങ്കിൽ നന്നായിരുന്നു. വിരൽത്തുമ്പിൽ എല്ലാ സാങ്കേതിക വിദ്യയും ലഭ്യമാവുന്ന ഇന്നത്തെ കാലത്ത് ചാനലുകളിൽ പോയിരുന്നാൽ മാത്രമല്ല സ്വന്തം അഭിപ്രായം പറയാനാവുകയെന്നും സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ടാമത്തെ മുന്നറിയിപ്പാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ലഭിക്കുന്നത്. വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുൻ ആരോപണങ്ങളേക്കാൾ കൂടുതൽ ആരോപണങ്ങൾ പുതിയ കത്തിലുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുത്തു, മഠത്തിൽ വൈകിയെത്തുന്നു, സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ