2011ല്‍ പാസാക്കിയ കേരള പോലീസ് ആക്ടിന് വര്‍ഷം അഞ്ചായിട്ടും ചട്ടം ഉണ്ടാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നിയമം നടപ്പാക്കാനുളള ചട്ടം തയ്യാറാക്കാന്‍ റിട്ടയേര്‍ഡ് എസ്‌.പി ജിനരാജന്റെ നേതൃത്വത്തിലുണ്ടാക്കിയ ആദ്യ സമിതി ഹോണറേറിയം വാങ്ങിയെങ്കിലും പ്രവര്‍ത്തിച്ചില്ല. എസ്‌.പി എ.എക്ബറിന്റെ നേതൃത്വത്തില്‍ പിന്നീട് വന്ന സമിതി തയ്യാറാക്കിയ കരട് നി‍ര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് ആസ്ഥാനത്ത് പരിഗണനയിലാണ്.

പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിര്‍ദേശം വേണമെന്നാണ് സമിതിയുടെ ശുപാര്‍ശ. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചായി ഭാരവാഹിയാകരുത്. നിര്‍ബന്ധിത പണപിരിവ് പാടില്ല. സ്വകാര്യ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പണമോ പാരിതോഷികമോ സ്വത്തോ സ്വീകരിക്കരുത്. അസോസിയേഷന്‍ സമ്മേളനം ഒരു ദിവത്തില്‍ കൂടരുതെന്നാണ് മറ്റൊരു നിര്‍ദേശം. പ്രത്യേക പോലീസ് സുരക്ഷക്കുള്ള ഫീസ് കൂട്ടണം. ഡിവൈഎസ്‌പിക്ക് പകല്‍ ഓരോമണിക്കൂറിനും നാലായിരവും രാത്രി അയ്യായിരം രൂപയുമാകണം ഫീസ്. സിഐക്ക് 2500ഉം 3500ളം പോലീസുകാര്‍ക്ക് 500 ഉം 750 രൂപയുമാണ് സമിതിയുടെ ഫീസ് ശുപാര്‍ശ. 

പോലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പരാതിക്കാരന്റെ കൃത്യമായ പേരും വിലാസവും ഇല്ലാത്ത പരാതികള്‍ പരിഗണിക്കരുതെന്നാണ് മറ്റൊരു നിര്‍ദേശം. ചെയര്‍പേഴ്‌സനെ കൂടാതെ മറ്റൊരംഗവും അതോറിറ്റിയില്‍ ഉണ്ടാകണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.