വയനാട്: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നു. നിലവില്‍ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ നവംബര്‍ മുതല്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. ഒരു ദിവസം വനത്തിനുള്ളിലേക്ക് 400 പേര്‍ക്ക് മാത്രമേ പ്രവേശിക്കാനാകു. ഇതിന് പുറമെയാണ് വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നത് വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. തലസ്ഥാനത്ത് ഇത് സംബന്ധിച്ച ചര്‍ച്ചകളും മറ്റും സര്‍ക്കാരുമായി ഉദ്യോഗസ്ഥര്‍ നടത്തിയതായാണ് അറിവ്. 

ആനകളുടെ സഞ്ചാരപാത, മറ്റു വന്യജീവികളുടെ സ്വൈര്യവിഹാരം, സഞ്ചാരികളുടെ സുരക്ഷ എന്നീ കാരണങ്ങളാണ് നിയന്ത്രണത്തിന് മാനദണ്ഡമാക്കുന്നത്. മുത്തങ്ങ വന്യജീവി സങ്കേതം, കുറുവദ്വീപ്, തോല്‍പ്പെട്ടി, മീന്‍മുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് തുടങ്ങിയവ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആയിരക്കണക്കിന് പേരാണ് ഓരോ മാസവും ഇവിടങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്. അതിനാല്‍ ഈ കേന്ദങ്ങളിലായിരിക്കും ആദ്യം നിയന്ത്രണമേര്‍പ്പെടുത്തുക. 
അതേ സമയം നിരന്തരം വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്ന, വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങലില്‍ നിന്ന് ജനങ്ങളെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയും വനംവകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരികയാണ്. കോടിക്കണക്കിന് രൂപയാണ് ആനത്താര വീണ്ടെടുക്കാനും മറ്റും ഉദ്ദേശിച്ചുള്ള പദ്ധതിക്കായി ചെലവിടുന്നത്.