70 കാരനായ അബ്ദുള്‍ സമദ് ഖാന്‍ രക്തത്തില്‍ കുളിച്ച് തളര്‍ന്ന് അനങ്ങാനാകാതെ താഴെ വീഴുന്നത് വരെ ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ ഒരു കൈ ഒടിഞ്ഞ് തൂങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖാനെ രക്ഷിക്കാനായില്ല.
ലക്നൗ: കൈ അറ്റുവീഴും വരെ വൃദ്ധനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വടി ഉപയോഗിച്ച് ആണ് മൂന്ന് പേര്‍ ചേര്‍ന്ന് 70 കാരനായ അബ്ദുള്‍ സമദ് ഖാനെ മര്‍ദ്ദിച്ച് കൊന്നത്. ഇയാള്‍ രക്തത്തില്‍ കുളിച്ച് തളര്‍ന്ന് അനങ്ങാനാകാതെ താഴെ വീഴുന്നത് വരെ ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തില്‍ ഇയാളുടെ ഒരു കൈ ഒടിഞ്ഞ് തൂങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖാനെ രക്ഷിക്കാനായില്ല.
നടുറോഡില്‍ വച്ച് പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ കണ്ടുനിന്ന് ഒരാള്‍ പ്രതികരിച്ചില്ലെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. തിങ്കളാഴ്ച രാവിലെ ഉത്തര്‍പ്രദേശിലാണ് സംഭവം. റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ആണ് ഖാന്‍. സൈക്കിളില്‍ പോകുകയായിരുന്ന ഖാനെ തടഞ്ഞ് നിര്‍ത്തി ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
നിലത്ത് വീണ ഖാന്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. ഒരാള്‍ അടുത്തുള്ള ടെറസില്‍ നിന്ന് ആക്രമണം കാണുന്നതും, മറ്റു ചിലര്‍ ഇത് കണ്ടുകൊണ്ട് നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരാള്‍ മര്‍ദ്ദിക്കാന്‍ തുടങ്ങുകയും രണ്ട് പേര്‍ ഇയാള്‍ക്കൊപ്പം ചേരുകയുമായിരുന്നു. ആക്രമികളില്‍ ഒരാള്‍ ധാരാളം കേസുകളില്‍ പ്രതിയാണ് സംഭവത്തില്‍ കേസെടുത്ത് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായി പൊലീസ് വ്യക്തമാക്കി.

