ഇടുക്കിയില്‍ വീണ്ടും റവന്യൂ നടപടി. ശാന്തന്‍പാറയ്ക്കടുത്ത് ഏല പട്ടയ ഭൂമിയില്‍ വെടിമരുന്നുപയോഗിച്ച് പാറപൊട്ടിക്കുന്നതും അനധികൃതമായ വഴി നിര്‍മാണവും റവന്യൂ സംഘം തടഞ്ഞു. ഒരു ജെ.സി.ബിയും ലോറിയും പിടിച്ചെടുത്തു. റവന്യൂ നടപടിയുടെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ശാന്തന്‍പാറയ്ക്കടുത്ത് ആലപ്പുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 17/3,17/5 സര്‍വ്വേ നമ്പരിലുള്ള നൂറിലേറെ ഏക്കര്‍ ഏലപ്പട്ടയ ഭൂമിയില്‍ നടത്തിയ അനധികൃത നിര്‍മാണത്തിനെതിരെയായിരുന്നു റവന്യൂ നടപടി. ദേവികുളം റവന്യൂ ജൂനിയര്‍ സൂപ്രണ്ട് രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നഗ്നമായ നിയമ ലംഘനമാണ് സ്ഥലത്ത് കണ്ടെത്തിത്. ഏലകൃഷിയ്ക്ക് ജലസേചനത്തിന് കുളം നിര്‍മ്മിക്കുന്നതിനും റോഡുവെട്ടുന്നതിനുമായിരുന്നു അനുമതി തേടിയത്. എന്നാല്‍ അനുമതിയുടെ മറവില്‍ സി.എച്ച്.ആര്‍ ഭൂമിയില്‍ വെടിമരുന്നുപയോഗിച്ച് പാറപൊട്ടിച്ച് മൂന്നാര്‍- കുമളി സംസ്ഥാന പാതയിലേക്ക് വഴി വെട്ടുന്ന പ്രവൃത്തികളായിരുന്നു നടന്നുവന്നത്..

സംസ്ഥാന പാതയില്‍ ചേരിയാര്‍ ഗൂഢന്‍പാറ പാലത്തില്‍ നിന്നും 20 മീറ്റര്‍ മാത്രം അകലെയായിരുന്നു വെടിമരുന്നുപയോഗിച്ച് പാറപൊട്ടിച്ചത്. അപകടത്തില്‍പെട്ട പാലം അടുത്തിടെ പൊതുമരാമത്ത് വകുപ്പ് പുതുക്കിപ്പണിതതേ ഉണ്ടായിരുന്നുള്ളൂ. പാലത്തിന് തൊട്ടടുത്ത് പാറപൊട്ടിക്കുന്നതിന് തടസ്സമില്ലെന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എ‍ഞ്ചിനിയറുടെ അനുമതി രേഖയും സ്ഥലമുടമകള്‍ റവന്യൂ സംഘത്തെ കാണിച്ചിരുന്നു. ഇത്തരമൊരനുമതി എങ്ങനെ സമ്പാദിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.