തിരുവനന്തപുരം: പാലോട് എഎംഎ സ്ഥാപിക്കുന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പ്ലാന്റിന്റെ 6.8ഏക്കറില്‍ 5 ഏക്കറും ഭൂരേഖകളില്‍ നിലമെന്ന് തഹസില്‍ദാര്‍. പ്രദേശത്ത് ജനവാസമില്ലെന്ന ഐഎംഎയുടെ വാദം തെറ്റെന്നും തണ്ണീര്‍ത്തട നിയമങ്ങളുടെ ലംഘനം നടന്നതായും റിപ്പോര്‍ട്ട്. കണ്ടല്‍ക്കാടും നീരുറവയുമുള്ള പ്രദേശത്ത് നിര്‍മ്മാണം പാടില്ലെന്നാണ് ചട്ടം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള അനുമതി വേഗത്തിലാക്കാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണെന്ന നിര്‍ണ്ണായക വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് ചേര്‍ന്ന യോഗത്തിന്റെ മിനുട്ട്‌സ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ആരോഗ്യമന്ത്രി പ്ലാന്റിനെ അനുകൂലിച്ചപ്പോള്‍ കൂടുതല്‍ പരിശോധന വേണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടു. സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ഡികെ മുരളി പ്ലാന്റിനെ എതിര്‍ത്ത് രംഗത്തെത്തി.

പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിനോട് യോഗം നിര്‍ദ്ദേശം നല്‍കി. അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തി പാരിസ്ഥിതിക ആഘാത സമിതിയെ സമീപിക്കാന്‍ ഐഎംഎയോടും യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ-തദ്ദേശഭരണവകുപ്പ് മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും ഐഎംഎ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പദ്ധതിക്ക് പച്ചക്കൊടി കാണിക്കുമ്പോള്‍ വനംമന്ത്രിക്ക് വ്യത്യസ്തനിലപാടാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം വനംവകുപ്പിന്റേതല്ലെങ്കിലും കൂടുതല്‍ പഠനം വേണമെന്ന് കെ രാജു പറഞ്ഞു. സിപിഎം നേതാവും സ്ഥലം എംഎല്‍എയുമായി ഡികെ മുരളി സര്‍ക്കാര്‍ നിലപാട് തള്ളി ജനങ്ങള്‍ക്കൊപ്പമാണ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാശ്യപ്പെട്ട് ഡിഎഫ്ഒ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.