കൊല്ലം: അരിപ്പയിലെ ഭൂസമര പ്രദേശത്ത് റവന്യൂ വകുപ്പ് സര്‍വേ നടത്തി. സമരഭൂമിയില്‍ താമസിക്കുന്നവരുടെ യഥാര്‍ത്ഥ കണക്കെടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്.
2012 ഡിസംബറിലാണ് ഭൂമി ആവശ്യപ്പെട്ട് ദളിതരും ആദിവാസികളും കളത്തൂപ്പുഴക്ക് സമീപം അരിപ്പയില്‍ സമരം തുടങ്ങിയത്. ആയിരത്തിലേറെ കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നപരിഹാരം ഇതുവരെ സാധ്യമായിട്ടില്ല. രണ്ട് മാസം മുന്‍പ് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ കൊല്ലത്ത് യോഗം ചേര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് റവന്യൂ സംഘം സ്ഥലത്തെത്തി സര്‍വേ നടത്തിയത്.
സ്വന്തമായി ഭൂമിയുള്ളവര്‍ പോലും അരിപ്പയില്‍ സമരരംഗത്തുണ്ടെന്ന് ആക്ഷേപമുള്ള സാഹചര്യത്തിലാണ് സര്‍വേ നടത്തി ഭൂമിക്ക് അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ ആറ് സംഘമായി തിരിഞ്ഞായിരുന്നു സര്‍വേ. ഓരോ കുടുംബങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തി. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂപ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്താനാണ് നീക്കം.
