കയ്യേറ്റത്തെ അനുകൂലിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയത് നേരത്തെ വിവാദമായിരുന്നു തഹസിൽദാർ ഓഫീസിൽ റെയ്ഡ് നടത്തിയെങ്കിലും രേഖകൾ കണ്ടെത്താനായില്ല

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ സിഎസ്ഐ പള്ളിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന് തടയിട്ട് റവന്യൂ വകുപ്പ്. വിജിലൻസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭൂമിയുടെ രേഖകൾ നൽകാൻ കൊയിലാണ്ടി തഹസിൽദാർ തയ്യാറായില്ല. കയ്യേറ്റത്തെ അനുകൂലിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയത് നേരത്തെ വിവാദമായിരുന്നു

4 ഏക്കർ 11 സെന്‍റ് സർക്കാർ ഭൂമി സിഎസ്.ഐ പള്ളി കയ്യേറിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.4 വർഷം മുൻപ് തുടങ്ങിയ അന്വേഷണം എവിടേയും എത്തിയില്ല. ഇതിന് കാരണം റവന്യൂ വകുപ്പിന്‍റെ നിസ്സഹകരണമാണ്. കയ്യേറ്റം നടന്നോ എന്ന് പരിശോധിക്കാന ഭൂരേഖകൾ പലതവണ ആവശ്യപ്പെട്ടിട്ടും കൊയിലാണ്ടി തഹസിൽദാർ നൽകാൻ തയ്യാറായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. 

രേഖകൾ നൽകാത്തത് കയ്യേറ്റകാരനെ സംരക്ഷിക്കുന്നതിനാണോ എന്നാണ് സംശയം കോഴിക്കോട് വിജിലൻസ് ജഡ്ജി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു. തുടർന്ന് തഹസിൽദാർ ഓഫീസിൽ റെയ്ഡ് നടത്തിയെങ്കിലും രേഖകൾ കണ്ടെത്താനായില്ല.ലാൻഡ് ട്രിബ്യൂണൽ സ്റ്റോറിലും രേഖകൾ കണ്ടെത്താനാകാതെ വന്നതോടെ കലക്ടറോടും തഹസിൽദാരോടും വിജിലൻസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്. 

കയ്യേറിയെന്ന് ആരോപണം നേരിടുന്ന പള്ളിവികാരി എൻ.കെ സണ്ണി കോടതിയിൽ അറിയിച്ച നിലപാടും വിചിത്രമാണ്. 1964 ൽ കുടി കിടപ്പായി പതിച്ചുകിട്ടിയ ഭൂമിയാണിതെന്നാണ് വികാരി കോടതിയെ അറിയിച്ചത്. എന്നാൽ 1995 ലാണ് വികാരിയുടെ പേരിൽ ഭൂമിക്ക് ആധാരം ലഭിക്കുന്നത്. 95 ൽ 37വയസ്സുള്ള വികാരി 64 മുൻപേ കർഷകനാകുന്നതെങ്ങിനെയെന്നും പരാതിക്കാർ ചോദിക്കുന്നു.