തിരുവനന്തപുരം: കായല്‍ കൈയ്യേറ്റം ഉള്‍പ്പെടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ ക്രമക്കേടുകളില്‍ നടപടി വേണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രേശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ക്രമക്കേടുകള്‍ അന്വേഷിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് രാവിലെ റവന്യൂ മന്ത്രി പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് മന്ത്രിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. 

തോമസ് ചാണ്ടിക്കെതിരായ ജില്ലാ കളക്ടറുടെ കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമ‍ര്‍ശങ്ങളുണ്ടെന്നാണ് റവന്യൂ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിന് തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ ഇന്ന് നോട്ടീസ് നല്‍കി. കളക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം രണ്ട് ദിവസമായി യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. ഇന്നലെ വരെ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് പറഞ്ഞിരുന്ന റവന്യൂ മന്ത്രി ഇന്നാണ് ഇത് പരിശോധിച്ചത്.

റിപ്പോര്‍ട്ടില്‍ സ്വന്തം നിലയ്ക്ക് നടപടിയെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നുമാണ് റവന്യൂ മന്ത്രിക്ക് സി.പി.ഐ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ ഇനി മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന് നിര്‍ണ്ണായകമാണ്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമപരമായി പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സമയം സര്‍ക്കാരിന് നല്‍കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.