Asianet News MalayalamAsianet News Malayalam

പരവൂര്‍ അപകടത്തെച്ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മില്‍ രൂക്ഷ തര്‍ക്കം; റവന്യൂ - പൊലീസ് വകുപ്പുകള്‍ നേര്‍ക്കുനേര്‍

revenue police department against on paravur tragedy
Author
Kollam, First Published Apr 16, 2016, 8:04 AM IST

തിരുവനന്തപുരം: പരവൂര്‍ അപകടത്തെച്ചൊല്ലി റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. നിരോധിത ഉത്തരവു നിലനില്‍ക്കുന്നതിനിടെ വെടിക്കെട്ട് നടക്കാന്‍ പോകുന്ന വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കൊല്ലം തഹസില്‍ദാര്‍ സജിമോന്‍ ആരോപിച്ചു. എന്നാല്‍ രാത്രി 12 മണിവരെ ക്ഷേത്രത്തിലുണ്ടായിരുന്ന തഹസില്‍ദാര്‍ വെടിക്കെട്ട് സുഗമമായി നടക്കുന്നതുകണ്ട് വീട്ടിലേക്ക് പോയെന്നും കളക്ടറെയോ എഡിഎമ്മിനെയോഅറിയിച്ചിട്ടില്ലെന്നും ഫോണ്‍ രേഖകള്‍ പുറത്തുവിട്ടു പൊലീസ് തിരിച്ചടിച്ചു.

പരവൂര്‍ ദുരന്തത്തില്‍ വീഴ്ച പറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് ആഭ്യന്തര സെക്രട്ടറിയും, അല്ല കൂട്ടുത്തരവാദിത്വമാണ് വേണ്ടെതെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്താണ് വീഴ്ചയെന്നുമുള്ള നിലപാടില്‍ ഡിജിപിയും നില്‍ക്കുന്നു. താഴേ തലം മുതല്‍ ഉന്നതതലം വരെ പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പേരില്‍ ചേരിപ്പോരു മുറുകയാണ്.

കൊല്ലം തഹസില്‍ദാറുടെ വെളിപ്പെടുത്തലാണു പൊലീസിനെ വീണ്ടും കുരുക്കിലാക്കിയത്. കളക്ടറുടെ നിരോധന ഉത്തരവുമായി രാവിലെതന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. വെടിക്കെട്ട് നടത്താനുള്ള നീക്കമറിഞ്ഞു ക്ഷേത്ര ഭാരവാഹികളെ സമീപിച്ചു. പിന്നീട് പരവൂര്‍ സിഐ ഓഫീസിലെത്തി അറിയിച്ചുവെങ്കിലും നിസ്സഹകരണ സമീപമാണ് ഉണ്ടായതെന്ന് തഹസില്‍ദാര്‍ സജിമോന്‍ പറഞ്ഞു. വെടിക്കെട്ട് തുടങ്ങിയ ശേഷം രാത്രി 12 മണിക്കാണു തിരുവനന്തപുരത്തേക്കു പോയതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ക്രൈം ബ്രാഞ്ചും സ്‌പെഷ്യല്‍ ബ്രാഞ്ചും ശേഖരിച്ച തഹസില്‍ദാറിന്റെ ഫോണ്‍ വിശദാംശങ്ങള്‍ ചൂണ്ടികാട്ടിയാണു പൊലീസിന്റെ പ്രതികരണം. രാത്രി 12നു കൊല്ലത്തുനിന്നും ട്രെയിനില്‍ തഹസില്‍ദാര്‍ തിരുവനന്തപുരത്തേക്ക് പോയിരുന്നു. രാവിലെ 3.19നു വില്ലേജ് ഓഫീസര്‍ വിളിച്ചപ്പോഴാണു തഹസില്‍ദാര്‍ വിവരം അറിയുന്നത്. 6.20നാണു പിന്നീട് സ്ഥലത്തെത്തിയത്.

എല്ലാം സുഗമമായി നടക്കുന്നുവെന്നറിഞ്ഞു പോയ ഉദ്യോഗസ്ഥ എഡിഎമ്മിനെയും കളക്ടറെയും വിളിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നാണു പൊലീസ് ഭാഷ്യം. ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം ചേരിയിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം.


 

Follow Us:
Download App:
  • android
  • ios