തൃശൂര്‍: ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് തിയറ്റര്‍ നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ പ്രാരംഭ അന്വേഷണം തുടങ്ങി. തോട് പുറമ്പോക്ക് ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയതാണോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. രേഖകളിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ല എന്നും അന്വേഷിക്കും. അതെസമയം ഇതേകുറിച്ച് പരാതി നല്‍കിയ ചാലക്കുടി സ്വദേശി ബാബു ജോസഫിനെ ദിലീപിന്റെ സഹോദരന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.

2014 ഡിസംബര്‍ 18നാണ് ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുളള ഡി സിനിമാസ് പ്രവര്‍ത്തനം തുടങ്ങുന്നത്. സര്‍വ്വേ ആന്റ് ലാന്റ് റെക്കോഡ്, റീജ്യണല്‍ ആര്‍ക്കേവ്‌സ് എന്നിവിടങ്ങളില്‍ നിന്നുളള രേഖകള്‍ പ്രകാരം ആകെയുളളത് 81 സെന്റ് സ്ഥലം. ഭൂമിയുടെ പേര് എന്ന കോളത്തില്‍ കാണിച്ചിരിക്കുന്നത് ശ്രീധരമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുര പറമ്പ് എന്നാണ്. ഇതേ രേഖകളില്‍ തന്നെ സര്‍വ്വേ 680/1 പ്രകാരം 35 സെന്റ് തോട് പുറമ്പോക്ക് എന്നും വ്യക്തമാണ്. 2005ലാണ് ഈ വസ്തു ആദ്യമായി പോക്കുവരവ് ചെയ്ത് കരം അടച്ചിരിക്കുന്നത്. അതുവരെ കരമടച്ചതിന്റെ യാതൊരു രേഖയുമില്ല. ഈ ഭൂമി എട്ടുപേരുകളില്‍ ആധാരം ചെയ്ത ശേഷം ദിലീപ് വാങ്ങുകയായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി ബാബു ജോസഫ് ലാന്റ് റവന്യൂ കമ്മീഷണര്‍ക്കും തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും മൂന്നു വര്‍ഷം മുമ്പ് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

രേഖകള്‍ പ്രകാരം ആകെ വസ്തുവിന്റെ 23 സെന്റ് റോഡ് വികസനത്തിനായി എടുത്തു. ബാക്കിയുളളത് 59 സെന്റ് ആണെന്നിരിക്കെ ദിലീപിന് 75.5 സെന്റ് വസ്തുവിന് എങ്ങനെ ആധാരം ലഭിച്ചുവെന്നും ജില്ലാ കളക്ടറുടെ അന്വേഷണപരിധിയില്‍ വരും.