ദേശീയ പ്രാധാന്യമുള്ള സ്ഥാപനമെന്ന നിലക്ക് സര്‍ക്കാര്‍ ഭൂമി നല്‍കി തുടങ്ങിയ അക്കാദമി, ഒടുവിലിപ്പോള്‍ ഒരു കുടുംബത്തിന്റെ മാത്രം കയ്യിലായെന്ന് പൊതുസമൂഹം കരുതാന്‍ ഇടയാക്കിയത് സമഗ്രമായി അന്വേഷിക്കണമെന്നാണ് പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. 1966ല്‍ രൂപീകരിച്ച സൊസൈറ്റിയുടെ നിയമാവലിയില്‍ പിന്നീട് മൂന്ന് തവണ മാറ്റം വരുത്തി, പലതിന്റെ രേഖകള്‍ രജിസ്ട്രാര്‍ ഓഫീസില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് രജിസ്‍ട്രേഷന്‍ വകുപ്പിന് സമഗ്ര അന്വേഷണത്തിനുള്ള ശുപാര്‍ശ നല്‍കാന്‍ കാരണം, 29-11-2014ല്‍ നിയമാവലിയില്‍ വരുത്തിയ മാറ്റത്തിലൂടെയാണ് മന്ത്രിമാരടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയതെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതടക്കമാണ് രജിസ്‍ട്രേഷന്‍ ഐജി പരിശോധിക്കുന്നത്.
അക്കാദമി ഭൂമിയിലെ ക്വാട്ടേഴ്‌സില്‍ അധ്യാപകര്‍ക്കുള്ളതാണെന്ന് മാനേജ്മെന്റ് വാദം പൊളിക്കുന്ന കണ്ടെത്തലും റവന്യുസെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. കെട്ടിടങ്ങളില്‍ ഒന്ന് നാരായാണന്‍ നായരും മറ്റൊന്നില്‍ സഹോദരന്‍ കോലിയക്കോട് കൃഷ്ണ ന്‍നായരും കുടുംബവുമാണ് താമസം. കോലിയക്കോടിന്റെ ഭാര്യ തുളസീമണി അധ്യാപികയാണെന്നാണ് വിശദീകരണമെങ്കില്‍ മറ്റൊരു അധ്യാപകര്‍ക്കും ക്വാട്ടേഴ്‌സില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തുളസീമണിക്ക് പ്രായപരിധി കഴിഞ്ഞുവെന്ന പരാതിയും ഇതിനകം ഉയര്‍ന്നിട്ടുമുണ്ട്.
ഏറ്റവും വിവാദമായ പുന്നന്‍ റോഡില്‍ അക്കാദമിക്കുള്ള സ്ഥലത്തെ ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ മാനേജ്മെന്റിന് റവന്യുസെക്രട്ടറി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നും മാനേജ്മെന്റ് വാങ്ങിയതാണെന്നാണ് കണ്ടെത്തലെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് സൊസൈറ്റിക്ക് ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ പങ്കാളിയാകാമോ എന്നൊക്കെയുള്ള കാര്യങ്ങള്‍ നിയമ-നികുതി വകുപ്പുകള്‍ കൂടുതല്‍ പരിശോധിക്കണമെന്നും പിഎച്ച് കുര്യന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
