ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍ പുന:പരിശോധനാ  ഹര്‍ജി നല്‍കി. പന്തളം രാജ കുടുംബവും പീപ്പിള്‍സ് ഫോര്‍ ധര്‍മ്മയും ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിധി പുനപരിശോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്.  

ദില്ലി: ശബരിമല കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ സുപ്രീംകോടതി ഫയൽ ചെയ്ത് തുടങ്ങി.ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍ ഇന്ന് പുന:പരിശോധനാ ഹര്‍ജി നല്‍കി. പന്തളം രാജ കുടുംബവും പീപ്പിള്‍സ് ഫോര്‍ ധര്‍മ്മയും ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിധി പുനപരിശോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിര എൻഎസ്എസും പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തു. ഇതോടെ ഇന്ന് എൻ.എസ്.എസും പന്തളം രാജകുടുംബവും അയ്യപ്പഭക്ത കൂട്ടായ്മയും സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുന്നത് വൈകാനാണ് സാധ്യത. വിധിക്ക് എതിരായ ആദ്യ പുനഃപരിശോധന ഹർജിയാണ് എൻഎസ്എസിന്‍റേത്.

ഭരണഘടന ബെഞ്ചിന്‍റെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്നാണ് എൻ.എസ്.എസിന്‍റെ ഹര്‍ജിയിൽ പറയുന്നത്. ഭരണഘടനയുടെ 14-ാം അനുഛേദം ഉപയോഗിച്ച് ആചാരാനുഷ്ടാനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും. അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയാണെന്നതിന് പൗരാണിക തെളിവുകളുണ്ടെന്നും എൻ.എസ്.എസിന്‍റെ ഹര്‍ജിയിൽ പറയുന്നു. വിശ്വാസത്തിനുള്ള ഭരണഘടന അവകാശമാണ് സുപ്രീംകോടതി നിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും പുനഃപരിശോധന ഹര്‍ജി നൽകി.

വിധി വന്ന് 30 ദിവസത്തിനകമാണ് പുനഃപരിശോധന ഹര്‍ജികൾ നൽകേണ്ടത്. ഈ കേസിൽ ഇനിയും നിരവധി ഹര്‍ജികൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഒക്ടോബര്‍ 28ന് ശേഷമെ കേസ് എന്ന് പരിഗണിക്കണം എന്ന് സുപ്രീംകോടതി തീരുമാനിക്കുകയുള്ളു. വരുന്ന 12മുതൽ 22 വരെ പൂജ അവധിക്കായി കോടതി അടക്കും. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിൽ ഭരണഘടന ബെഞ്ചിലെ പുതിയ ജഡ്ജിയെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് തീരുമാനിക്കേണ്ടത്. പുതുതായി വരുന്ന ജഡ്ജി സ്ത്രീ പ്രവേശനത്തെ ഇനി എതിര്‍ത്താലും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായത്തിൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപോകാനുള്ള സാധ്യത കൂടുതലാണ്. അതല്ല പുനഃപരിശോധന ഹര്‍ജികൾ അംഗീകരിക്കാൻ തീരുമാനിച്ചാൽ പിന്നീട് കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കും.