ഉത്തരവ് അംഗീകരിക്കില്ലെന്ന് മാനേജ്മെൻറുകള്‍ ഉത്തരവിനെതിരെ മാനേജ്മെൻറുകൾ കോടതിയിലേക്ക്
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് പുതുക്കിയ ശമ്പളം കിട്ടാൻ വൈകും. ശമ്പള പരിഷ്കരണ ഉത്തരവ് അംഗീകരിക്കില്ലെന്നും നിയമ നടപടി സ്വീകരക്കുമെന്നും മാനേജ്മെന്റ് അസോസിയേഷൻ വ്യക്തമാക്കി. വ്യാഴാഴ്ച ചേരുന്ന മാനേജ്മെന്റ് അസോസിയേഷൻ യോഗം ഇക്കാര്യത്തില് അന്തിമ തീരുമാനമെടുക്കും
കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മിനിമം 20000 രൂപയില് തുടങ്ങി 30000 രൂപ വരെ അടിസ്ഥാന ശമ്പളം. 2000 രൂപ മുതല് 10000 രൂപ വരെ അലവന്സ്. കരടിലെ നിര്ദേശങ്ങളിൽ മാറ്റങ്ങള് വന്നെങ്കിലും ഉത്തരവിറങ്ങിയതോടെ നഴ്സുമാര് സമരം പിന്വലിച്ചു. ഇനി അലവൻസുകള് നേടിയെടുക്കാൻ നിയമ വഴിക്ക് നീങ്ങാനും തീരുമാനിച്ചു. ഇതിനിടിയിലാണ് നിലപാടിലുറച്ച് മാനേജ്മെന്റുകള് രംഗത്തെത്തിയത്. ഇത്രയും അധികം ശമ്പളം നൽകാനാകില്ല.
മുൻ കാല പ്രാബല്യത്തോടെ നല്കണമെന്നതും അംഗീകരിക്കില്ല , അങ്ങനെ വന്നാൽ പല ആശുപത്രികളും പൂട്ടിപ്പോകും. മിനിമം വേതന നിയമം മറികടന്നുള്ള ഉത്തരവിനെതിരെ വീണ്ടും കോടതിയെ സമീപിക്കും. ഉത്തരവ് കോടതി കയറിയാല് നഴ്സുമാര്ക്കും സർക്കാരിനും തിരിച്ചടിയാകും. പുതുക്കിയ ശമ്പളം കിട്ടാൻ വീണ്ടും നീണ്ട കാത്തിരിപ്പ് വേണ്ടി വരും.
അതേസമയം അലവൻസുകളില് കുറവ് വരുത്തിയത് കോര്പറേറ്റ് മാനേജ്മന്റുകളെ സഹായിക്കാനാണെന്ന ആരോപണമുണ്ട് നഴ്സുമാര്ക്ക്. ഒപ്പം പണിമുടക്ക് തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ സമരം എങ്ങനെ തീര്ക്കുമെന്ന വലിയൊരു ചോദ്യവും നഴ്സുമാര്ക്കു മുന്നില് ബാക്കിയാവുകയാണ്.
