പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ ബന്ധുകള്‍ അറിയിച്ചു

പൂണൈ: ആക്ടിവിസ്റ്റും കവിയുമായി വരാവറ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണൈ പൊലീസാണ് ഹൈദരാബാദിലെത്തി റാവുവിനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റാവുവിനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പൊലീസ് പറഞ്ഞതെന്ന് അദ്ദേഹത്തിന്‍റെ ബന്ധുകള്‍ അറിയിച്ചു. അതേസമയം പൂണൈയിലെ ഭീമ-കൊറിഗാവ് മേഖലയിലുണ്ടായ ജാതി കലാപവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ നിരവധി ആക്ടിവിസ്റ്റുകളെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പൂണൈ പൊലീസിന്‍റെ സ്പെഷ്യല്‍ ടീം തെലങ്കാന പൊലീസിന്‍റെ സഹായത്തോടെയാണ് വരാവററാവുവിനെ അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.കുര്‍മാനത്, ഫോട്ടോഗ്രാഫര്‍ ടി.ക്രാന്തി എന്നിവരുടെ ഹൈദരാബാദിലെ താമസസ്ഥലങ്ങളിലും പൊലീസ് റെയ്ഡ് നടത്തി. റാവുവിന്‍റെ അനന്തരവനാണ് കുര്‍മാനത്. അശോകനഗറില്‍ ഒരേ അപ്പാര്‍ട്ടമെന്‍റിലെ രണ്ട് ഫ്ലാറ്റുകളിലായാണ് ഇരുവരും താമസിക്കുന്നത്. 

രാവിലെ ഏഴ് മണിയോടെ രണ്ട് സംഘങ്ങളായാണ് പൊലീസുകാര്‍ ഫ്ളാറ്റുകളില്‍ എത്തിയതെന്ന് ഇവരുടെ അയല്‍വാസികള്‍ പറയുന്നു. ഇരുവരുടേയും മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും രേഖകളും പൊലീസ് കൊണ്ടു പോയി. ഇതേ സമയത്ത് തന്നെയാണ് ടി.ക്രാന്തിയുടെ പടിഞ്ഞാറെ ഹൈദരാബാദിലുള്ള വീട്ടിലും റെയ്ഡ് നടന്നത്. റെയ്ഡ് വിവരം ഇവരുടെ സുഹൃത്തുകളും സഹപ്രവര്‍ത്തകരും ഫ്ളാറ്റിന് മുന്നിലെത്തി പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കനത്ത സുരക്ഷയില്‍ പൊലീസ് തങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കി. 

അതേസമയം റാവുവിനെതിരായ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പൂണൈ പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും തെലങ്കാന പൊലീസ് പിന്നീട് അറിയിച്ചു. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായിട്ടാണ് റാവുവിനെ പിടികൂടിയിരിക്കുന്നതെന്ന് തെലങ്കാന പൊലീസിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

പൂണൈ പൊലീസ് കസ്റ്റഡിയിലുള്ളറാവുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ട്രാന്‍സിറ്റ് ഓര്‍ഡര്‍ കിട്ടുന്ന മുറയ്ക്ക് ഇയാളെ പൂണൈയിലേക്ക് കൊണ്ടു പോകും എന്നാണ് സൂചന.കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഒരു പദ്ധതി പരമാര്‍ശിക്കുന്ന കത്ത് ഭീമ-കൊറിഗാവ് കലാപക്കേസിലെ പ്രതികളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതേചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വരാവററാവു അടക്കമുള്ളവര്‍ അറസ്റ്റിലായതെന്നാണ് സൂചന. രാജീവ് ഗാന്ധിയെ വധിച്ച അതേ മാതൃകയില്‍ മോദിയേയും വധിക്കാനായിരുന്നു പദ്ധതി. ഇതിനായി എട്ട് കോടി ചിലവിട്ട് എം 4 റൈഫിള്‍ വാങ്ങുന്ന കാര്യവും കത്തില്‍ പരാമര്‍ശിച്ചിരുന്നു. 

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് വരാവറ റാവു മാധ്യമങ്ങളോട് പറഞ്ഞു. വീരരസം എന്ന പേരിലുള്ള വിപ്ലവകവികളുടെ കൂട്ടായ്മയുടെ നേതാവാണ് വരാവററാവു. ഭീമാ-കൊറിഗാവു കലാപവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ അഞ്ച് പേരും ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവവരാണെന്നാണ് റാവു പറയുന്നത്. 

രാജ്യവ്യാപകമായി നടത്തിയ മറ്റു റെയ്ഡുകളില്‍ നിരവധി സാമൂഹികപ്രവര്‍ത്തകരെ പൂണൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദില്ലി,ഫരീദാബാദ്, ഗോവ, മുംബൈ, താനെ,റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. സാമൂഹികപ്രവര്‍ത്തക സുധാ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും. കവിയും സാമൂഹികപ്രവര്‍ത്തകനുമായ വരാവറ റാവുവിനെ ഹൈദരാബാദില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരുണ്‍ ഫെറീറ, വെനം ഗൊണ്‍സാല്‍വസ് എന്നീ സാമൂഹികപ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലുണ്ട്. ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.