Asianet News MalayalamAsianet News Malayalam

വെറുതെ സമയം മെനക്കെടുത്തരുത്: സുരേന്ദ്രനോട് ഹൈക്കോടതി

Rigging case HC summons 259 Manjeswaram voters
Author
First Published Aug 10, 2017, 5:15 PM IST

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കള്ളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ ആരോപിച്ച 75 പേരുടെ കൃത്യമായ മേല്‍വിലാസം നല്‍കണം. വിദേശത്തുള്ളവര്‍ ആരൊക്കെയാണെന്ന് ഹര്‍ജിക്കാരന് അറിയില്ലേയെന്നും കോടതി ചോദിച്ചു. 

ഇത്രയും പേരെ വിസ്തരിക്കുക എന്നത് നിസാരകാര്യമല്ല. ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കോടതിയുടെ സമയം മെനക്കെടുത്തരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. 

സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ 250 പേരെയാണ് കോടതി വിസ്തരിക്കേണ്ടത്. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ് കൈപ്പറ്റിയാല്‍ അവര്‍ അവരെ അറിയിക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. നിലവില്‍ 175 പേരെ കോടതി വിസ്തരിച്ചു. സമന്‍സ് അയച്ച് വിളിച്ചുവരുത്തിയ രണ്ട് പേരുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. ഇനി 22ന് കേസ് പരിഗണിക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് കെ. സുരേന്ദ്രന്‍റെ ആരോപണം. കള്ളവോട്ടിന്‍റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. കള്ളവോട്ട് ചെയ്തുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചവര്‍ക്ക് സമന്‍സ് അയക്കാനും വിചാരണയ്ക്കായി എത്താനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios