വിവരാവകാശ നിയമത്തില്‍ ഭേദഗതികള്‍ വേണമെന്ന നിര്‍ദേശവുമായി സര്‍ക്കാരിലെ വകുപ്പ് മേധാവികള്‍ രംഗത്ത്. പാര്‍ലമെന്റ് സമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ആവശ്യം ഉന്നയിച്ചത്. വിവരാവകാശ അപേക്ഷയ്‌ക്ക് ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നും നിയമത്തിന്റെപരിധിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളുണ്ട്.
വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രയാസങ്ങള്‍ അറിയിക്കാാന്‍ രാജ്യസഭയുടെ കീഴിലുള്ള സബോര്‍ഡിനേറ്റ് ലെജിസ്ളേറ്റീവ് സമിതി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവിധ വകുപ്പ് മേധാവികള്‍ പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശങ്ങളില്‍ നിയമത്തിനെതിരെ രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. വിവരാവകാശ അപേക്ഷകള്‍ കുന്നുകൂടിയതോടെ ജോലിഭാരം കൂടി. അധിക ജോലിഭാരത്താല്‍ ഉദ്യോഗസ്ഥരുടെ ഊര്‍ജ്ജം പാഴാകുന്നു. മാധ്യമപ്രവര്‍ത്തകരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. അല്ലെങ്കില്‍ അവരുടെ വിവരാവാകശ അപേക്ഷകള്‍ക്ക് ഫീസ് ചുമത്തണമെന്നും പൊതുഭരണവകുപ്പിലെ അണ്ടര്‍ സെക്രട്ടറി നിര്‍ദേശിച്ചു. ചോദ്യങ്ങള്‍ മൂന്നായി ചുരുക്കണം. അപേക്ഷയ്‌ക്ക് ഫീസ് ചുമത്തണം. രണ്ടാമത് അപേക്ഷ നല്‍കാന്‍ ആറുമാസത്തെ ഇടവേള നല്‍കണമെന്നുമെന്നായിരുന്നു മരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദേശം. അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഹൈക്കോടതിയോട് നിയമോപദേശം തേടുന്നു. ബഹുമാന്യരായ ജഡ്‍ജിമാര്‍ തീര്‍പ്പാക്കുന്ന കേസുകളെപ്പറ്റി അന്വേഷിക്കുന്നു എന്നതിലൊക്കെയായിരുന്നു ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ ആശങ്ക. അപേക്ഷകളില്‍ വിവരം തേടുന്നതിന്റെ കാരണം വ്യക്തമാക്കമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അപേക്ഷാ ഫീസും പകര്‍പ്പുകള്‍ നല്‍കുമ്പോഴുമുളള ഫീസും കൂട്ടണമെന്നായിരുന്നു പാര്‍ലമെന്ററികാര്യവകുപ്പ് നിര്‍ദേശം. ഫയല്‍ കുറിപ്പ് നല്‍കുമ്പോള്‍ ഓരോ ഉദ്യോഗസ്ഥനുമെടുത്ത തീരുമാനങ്ങള്‍ പൊതുവേദിയില്‍ ചോദ്യം ചെയ്യപ്പെടുന്നതിലായിരുന്നു രവന്യൂവകുപ്പിന്റെ പ്രയാസം.ഉദ്യോഗസ്ഥന്റെ പേരോ തസ്കകയോ പരസ്യമാക്കാതെ വിവരങ്ങള്‍ വെളിപ്പെടുത്തണം.ഇത് ഉദ്യഗസ്ഥരുടെ ആത്മവീര്യം കൂട്ടുമെന്നും റവന്യൂവകുപ്പ് നിര്‍ദേശിച്ചു.
