തൃശ്ശൂര്‍: ഫീസ് അടക്കാന്‍ പണമില്ലാതെ വിദേശ സര്‍വ്വകലാശാലയിലെ പഠനം അനിശ്ചിതത്വത്തിലായ ദളിത് വിദ്യാര്‍ത്ഥി റിമ രാജന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം കിട്ടി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാര്‍ സഹായം ലഭ്യമായ വിവരം റിമ രാജന്‍ വ്യക്തമാക്കിയത്. സര്‍വ്വകലാശാലയില്‍ അടയ്ക്കേണ്ട അഞ്ച് ലക്ഷം രൂപ മന്ത്രി എ കെ ബാലന്‍റെ ഇടപെടല്‍ മൂലം ലഭ്യമായെന്നും ഒന്നര വര്‍ഷത്തെ മാനസിക സംഘര്‍ത്തിനൊടുവില്‍ താല്‍ക്കാലിക ആശ്വാസം കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് താനെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോര്‍ച്ചുഗലിലെ സര്‍വ്വകലാശാലയിലെ ബിസിനസ് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയാണ് റിമ. വിദേശ പഠന ചിലവിന് സഹായം ലഭിക്കുമെന്ന വകുപ്പിന്‍റെ ഉറപ്പ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കിടപ്പാടം പണയപ്പെടുത്തി യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടങ്ങിയത്. എന്നാല്‍ അപേക്ഷയുമായെത്തിയ ഈ കുടുംബത്തെ പട്ടികജാതി വകുപ്പ് കൈയ്യൊഴിഞ്ഞു.
ഫീസടക്കാന്‍ കഴിയാത്തതോടെ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കുമെന്ന് റിമയ്ക്ക് ലഭിച്ച ടെര്‍മിനേഷന്‍ ലെറ്ററില്‍ സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയാണ് റിമയ്ക്ക് തുണയായത്. ഓണ്‍ലൈനില്‍ വാര്‍ത്ത എത്തിയതോടെ അത് സോഷ്യല്‍ മീഡിയയും മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് വാഗ്ദാനം ചെയ്ത സഹായം നല്‍കുകയായിരുന്നു.
പോര്‍ച്ചുഗലിലെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ഉണ്ടായ സാമ്പത്തിക ബാധ്യത തീരില്ല. എന്നാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടുക എന്ന തന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുമെന്നും കുറിപ്പില്‍ റിമ രാജന്‍ പറയുന്നുണ്ട്.
