Asianet News MalayalamAsianet News Malayalam

സർക്കാറിൻ്റെ വാഗ് ദാനലംഘനം ; പോർച്ചുഗലിൽ കുടുങ്ങി ദലിത് വിദ്യാർത്ഥിനി

Rimas petition against government
Author
First Published Aug 18, 2017, 6:20 PM IST

ദളിത്​ വിദ്യാർഥികൾ കടൽ കടന്ന്​ ഉന്നത പഠനത്തിന്​ പോകരു​തെന്ന്​ സർക്കാറിനും ചില ഉദ്യോഗസ്ഥർക്കും വാശിയുണ്ടോ? പോർച്ചുഗലിലെ കോയംബ്ര സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്ന റിമ രാജൻ ഒന്നര വർഷമായി സംസ്​ഥാന സർക്കാറി​ൻ്റെ പട്ടികജാതി വികസന വകുപ്പിൽ  നിന്ന്​ നേരിടുന്ന അനുഭവങ്ങൾ കേട്ടാൽ ആരും ഇത്​ ചോദിച്ചുപോകും.

ബിനേഷ് ബാലൻ, നിധിഷ് സി സുന്ദർ എന്നീ ആദിവാസി ദളിത് വിദ്യാർത്ഥികൾ  സംസ്​ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നും നേരിട്ട അതേ അവഗണനയും പരിഹാസവുമാണ്​ തൃശൂർ കൊടകര സ്വദേശിയും പോർച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സർവകലാശാലയിലെ എംഎസ്​സി ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാഥിയുമായ റിമ രാജനും ഒന്നര വർഷമായി നേരിടുന്നത്​. സർക്കാർ  സഹായം ലഭിച്ചിക്കാതെ വന്നതോടെ റിമയുടെ പഠനം മുടങ്ങുന്ന അവസ്​ഥയാണിപ്പോൾ. ഒപ്പം കാത്തിരിക്കുന്നത്​ വൻ കടബാധ്യതയും.മകളുടെ പഠനത്തിന്​ ധനസഹായം തേടി  കൂലിപണിക്കാരനായ അച്​ഛൻ വി.സി രാജൻ മുട്ടാത്ത വാതിലുകളില്ല. റിമയുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന്​ കേരള പട്ടികജാതി, വർഗ കമീഷൻ ഉത്തരവിട്ടിട്ട്​ ഒമ്പത്​ മാസം പിന്നി​ട്ടിട്ടും നടപടിയുണ്ടായിട്ടില്ല. 

 

2015 നവംബറിൽ ആണ് റിമക്ക്​ കോയംബ്ര സർവകലാശാലയിൽ പ്രവേശനം കിട്ടുന്നത്. സർക്കാറിൽ നിന്നും ധനസഹായം ലഭിക്കുമെന്ന്​ പറഞ്ഞിരുന്നതിനാല്‍ ബാങ്ക്​ വായ്​പ എടുത്ത പണം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ ഫീസും യാത്ര ചെലവും എല്ലാം വഹിച്ചത്. 2016 ഫെബ്രുവരിയിൽ സ്‌കോളർഷിപ്പിനായി പട്ടിക സർക്കാരിൽ അപേക്ഷ നൽകി. സർവകലാശാല അധികാരികളിൽ നിന്നും നോ ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റ്​ (എൻ.ഒ.സി) വാങ്ങി നൽകണമെന്നു പറഞ്ഞപ്പോൾ അതും ചെയ്തു. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി. കോഴ്​സി​ൻ്റെ നാല്​ സെമസ്​റ്ററുകൾക്കും കൂടി പതിനായിരം യൂറോ ആണ്​ ഫീസായി വേണ്ടത്​. സർക്കാറിൽ നിന്നും  15 ലക്ഷം രൂപക്കാണ്​ അപേക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ ആദ്യ ആഴ്ച നാല്​ ലക്ഷം രൂപ ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ അടുത്ത  2018 സെപ്​റ്റംബർ വരെ കാത്തിരിക്കണം. അങ്ങനെയാകു​മ്പോൾ  ഒരു വര്‍ഷം നഷ്​ടമാകും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും നിരസിക്കും. പിഎച്ച്ഡി അപേക്ഷയും നിരസിക്കും. വീസ പ്രശ്​നങ്ങളുമുണ്ടാകും. സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സാമ്പത്തിക സഹായത്തിലാണ്​ ഇപ്പോൾ റിമ. കൂലിപ്പണി ചെയ്​ത്​ കുടുംബം പോറ്റുന്ന ഒരച്​ഛ​ൻ്റെ സ്വപ്​നങ്ങൾ കൂടിയാണ്​ സർക്കാറി​ൻ്റെ ചുവപ്പുനാടയിൽ കുരുങ്ങികിടക്കുന്നത്​.

ഉറപ്പിൽ കവിഞ്ഞ്​ സർക്കാറിൽ നിന്ന്​ അനുകൂല നിലപാടുണ്ടായില്ലെന്ന് റിമ രാജൻ പറഞ്ഞു.  ഓരോ തവണ അന്വേഷിക്കുമ്പോഴും ഓരോരോ രേഖകൾ ആവശ്യപ്പെടും. അതെല്ലാം നൽകുകയും ചെയ്​തുവെന്നും റിമ പറയുന്നു. ഒമ്പതു മാസങ്ങൾക്കുശേഷം  പണം അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പ്​ ലഭിച്ചു. എന്നാൽ അറിയിപ്പിൽ കവിഞ്ഞ്​ പിന്നീട്​ വിവരങ്ങൾ ഒന്നുമില്ലെന്നും റിമ കൂട്ടിച്ചേർത്തു. പിന്നീട്​ എത്തിയത്​ സ്​കോളർഷിപ്പ്​ അനു​വദിക്കാൻ കഴിയില്ല എന്ന അറിയിപ്പ് മാത്രമാണ്​. കാരണം അന്വേഷി​ച്ചപ്പോൾ അതു​മാത്രം പറയുന്നില്ല. 

വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തപ്പോൾ കിട്ടിയ മറുപടി റിമയെ അമ്പരപ്പിച്ചു.​ മെറിറ്റ് ഇല്ല എന്ന മറുപടിയാണ്​ റിമക്ക് ലഭിച്ചത്​.തുടർന്ന്​ റിമയുടെ അച്​ഛൻ വി.സി രാജൻ പട്ടികജാതി, വർഗ കമീഷനെ സമീപിച്ചു​. പരാതിയിൽ കമ്മിഷന്‍ സർക്കാറിന്​ നോട്ടീസ് അയച്ചു. ആദ്യ തവണ ആരും തന്നെ സര്‍ക്കാറി​ൻ്റെ ഭാഗത്തു നിന്നും ഹാജരായില്ല. രണ്ടാം തവണ സെക്രട്ടേറിയേറ്റിലെ എസ്.സി/എസ്ടി സെക്ഷനിലെ അണ്ടര്‍ സെക്രട്ടറി ബി തങ്കമണി ഹാജരായി. കമ്മിഷന്‍ പി.എൻ വിജയകുമാര്‍  പരാതി പരിശോധിച്ചശേഷം അണ്ടര്‍ സെക്രട്ടറിയോട് ചോദിച്ചത് റിമ സ്‌കോളര്‍ഷിപ്പിന് യോഗ്യയാണല്ലോ പിന്നെ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നായിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് കൊടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൊടുക്കാറുണ്ടെന്ന് അണ്ടർ സെക്രട്ടറി പറയുകയും ചെയ്തു.

എന്നാൽ ഫയല്‍ പരിശോധിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പിന് എലിജിബിള്‍ അല്ലെന്നു കണ്ടെത്തിയതായി പറഞ്ഞു. എന്നാല്‍ കമ്മിഷന്‍ റിമ സ്‌കോളര്‍ഷിപ്പിന് എലിജിബിള്‍ ആണെന്നും എത്രയും വേഗം  ഫയലി​ൻ്റെ കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാക്കണമെന്നു കാണിച്ച് ഉത്തരവിടുകയായിരുന്നു. ഇൗ ഉത്തരവ്​ നൽകിയത്​ കഴിഞ്ഞ നവംബർ ഒന്നിനാണ്​​. ഒമ്പത്​ മാസം പിന്നിട്ടിട്ടും ഇൗ ദളിത്​ പെൺകുട്ടിയും കുടുംബവും അർഹതപ്പെട്ട ആനുകൂല്യത്തിനായി കാത്തിരിക്കുകയാണ്​.  ഇതുവരെയും സർക്കാർ സഹായത്തിൽ തീരുമാനമായിട്ടില്ല. റിമ ഇപ്പോഴും കാത്തിരിക്കുകയാണ്​.  പ്രശ്​നം ​ശ്രദ്ധയിൽപെടുത്താൻ പട്ടികജാതി, വർഗ വകുപ്പ്​ മന്ത്രി എ.കെ ബാലനെ റിമ ഫോണിൽ വിളിച്ചിരുന്നു. പേരും ഫയൽ നമ്പറും കുറിച്ചെടുക്കാൻ സ്​റ്റാഫിനോട്​ പറഞ്ഞതല്ലാതെ നടപടികൾ ഒന്നുമുണ്ടായില്ലെന്നാണ്​ റിമ പറയുന്നത്​. വിദേശത്ത്​ നിന്ന്​ ഒരു പ്രശ്​നം വിളിച്ചുപറഞ്ഞ പെൺകുട്ടിയുടെ ഫോൺ രണ്ട്​ മിനിറ്റ്​ കൊണ്ട്​ മന്ത്രി കട്ട്​ ചെയ്യുകയായിരുന്നുവെന്നും റിമ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ കാണാന്‍ പോയെങ്കിലും കഴിഞ്ഞില്ല. സെക്രട്ടറിയെയാണു കണ്ടത്. ഇങ്ങനെയൊരു കോഴ്‌സ് പഠിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു സെക്രട്ടറിക്ക് അറിയേണ്ടത്.മന്ത്രിയുടെ വാക്കുകേട്ട്​  അച്ഛന്‍ സെക്രട്ടേറിയേറ്റില്‍ ചെ​ന്നെങ്കിലും സ്ഥിതിയിൽ മാറ്റമില്ല മന്ത്രിയുടെ അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്​കോളർഷിപ്പ്​ എനിക്ക്​  തരില്ലെന്നു തന്നെയാണ്​ ഉ​ദ്യോഗസ്​ഥരുടെ നിലപാടെന്നും റിമ പറയുന്നു.

Rimas petition against government

Follow Us:
Download App:
  • android
  • ios