ദില്ലി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് സംസ്ഥാനങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം 30 ആയി. എന്നാല്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. പഞ്ചാബിലും ഹരിയാനയിലും യുപിയിലും ദില്ലിയിലുമാണി ഇന്ന് കോടതി വിധി വന്നതിന് ശേഷം വ്യാപകമായ സംഘര്‍ഷവും കലാപവും അരങ്ങേറുന്നത്. 

പഞ്ചാബ്-ഹരിയാന വഴിയുള്ള 250ട്രെയിനുകള്‍ റദ്ദാക്കി. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബലാത്സംഗ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് പഞ്ച്കുല സിബിഐ പ്രത്യേക കോടതി വിധിച്ചതിന് പിന്നാലെ അനുയായികള്‍ തെരുവിലിറങ്ങുകയായിരുന്നു. കോടതിയില്‍ സൈന്യത്തിന്റെ സംരക്ഷണത്തോടെയാണ് വിധി പ്രസ്താവിച്ചത്. പൊലീസ് സ്റ്റേഷനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീയിട്ടു. ദില്ലിയിലെ ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് തീവെച്ചു. പഞ്ചാബില്‍ വൈദ്യുത നിലയത്തിനും തീയിട്ടു. മാധ്യമങ്ങളുടേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അക്രമികള്‍ കത്തിച്ചു .

പഞ്ച്കുലയിലും ദില്ലിയിലും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാബില്‍ 5 ജില്ലകളിലാണ് നിരോധനാജ്ഞ. അക്രമങ്ങളെ കുറിച്ച് ചണ്ഡീഗഢ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റാം റഹീമിന്റെ സ്വത്ത് കണ്ടുകെട്ടാനും അക്രമ സംഭവങ്ങളുടെ നഷ്‌ടപരിഹാരം ദേരാ സച്ചാ സൗദയില്‍ നിന്നും ഈടാക്കാനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം കോടതി വിധിക്ക് പിന്നാലെയുണ്ടായ അക്രമങ്ങള്‍ അപലപനീയമാമെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു. ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ് വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ദില്ലിയില്‍ എത്തിയിട്ടുണ്ട്.ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി അദ്ദേഹം സംസാരിച്ചു. അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും ജനങ്ങളോട് ആഹ്വാനം ചെയ്തു.