കടലിലും ഭൂമദ്ധ്യരേഖക്ക് സമിപത്തുള്ള പ്രദേശങ്ങളിലും ചൂട് കൂടിയതിനെ തുടര്‍ന്നാണ് അന്തരീക്ഷത്തില്‍ ചൂട് കൂടുന്ന ഹീറ്റ് വേവ് പ്രതിഭാസം ഉണ്ടാകുന്നത്. ഭൂപ്രദേശങ്ങളിലെ വ്യത്യാസം അനുസരിച്ച് നിലവിലുളളതിനേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കും.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് തുറസ്സായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുട ഉപയോഗിക്കണമെന്നും കുടിവെളളം കരുതണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ 11 മണിമുതല്‍ മൂന്ന് മണിവരെ ജോലി ചെയ്യാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശമുണ്ട്.
ആശുപ്രതികള്‍,അംഗനവാടികള്‍, എന്നിവിടങ്ങളില്‍ കുടിവെളളം,ഓ ആര്‍ എസ് ലായനികള്‍ എന്നിവ കരുതണം. സൂര്യാതപമേറ്റ് വരുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം.ഈ പ്രതിഭാസം ശനിയാഴ്ച വരെ തുടരുമെന്നാണ് ദുരന്തനിവാരണവിഭാഗത്തിന്റെ മുന്നറിയിപ്പ്. പുനലൂര്‍,പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കും.
അതിനിടയില്‍ പാലക്കാട് ജില്ലയില്‍ ഭൂഗര്‍ഭ ജല നിരപ്പ് വന്‍ തോതില്‍ താഴുന്നു. ചിറ്റൂരില്‍ ജലനിരപ്പ് 2.7 മീറ്റര്‍ വരെ താഴ്ന്നു. 8 സെന്റീമിറ്റര്‍ മഴ കിട്ടേണ്ട സ്ഥലത്ത് ഇക്കുറി ലഭിച്ചത് കേവലം 8 മില്ലിമീറ്റര്‍ മാത്രമാണ്. ബാഷ്പീകരണ തോത് കൂടിയതും ജലവിതാനം താഴാനിടയാക്കുന്നു. വലിയ വരള്‍ച്ചയുടെ ലക്ഷണമായാണ് ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതിനെ വിദഗ്ധര്‍ കാണുന്നത്.
ഭൂഗര്‍ഭ ജല വകുപ്പ് മാസം തോറും നടത്തുന്ന പരിശോധനയിലാണ് ജലനിരപ്പില്‍ വലിയ കുറവ് കണ്ടെത്തിയിരിക്കുന്നത്. മഴ നിഴല്‍ പ്രദേശങ്ങളില്‍ വരുന്ന ചിറ്റൂരാണ് 2.7 മീറ്റര്‍ വരെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നിട്ടുള്ളത്. 2012 ന് ശേഷം ആദ്യമായാണ് ഇത്രയും ജലനിരപ്പ് താഴുന്നത്. മലമ്പുഴ, പുതുശ്ശേരി മേഖലകളിലും രണ്ട് മീറ്ററലിധകം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
30 ലേറെ കിണറുകളും കുഴല്‍കിണറുകളും പരിശോധിച്ചാണ് ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നത് സ്ഥിരീകരിച്ചിരിക്കുന്നത്. ജലനിരപ്പ് താഴാന്‍ മഴ ലഭിക്കാത്തത് പ്രധാനകാരണമായി 8 സെന്റീമിറ്റര്‍ മഴ ലഭിക്കേണ്ട സ്ഥലത്ത് ഇക്കുറി ലഭിച്ചത് കേവലം 0.8 സെന്റീമീറ്റര്‍ മാത്രമാണ്.
അതുകൊണ്ട് തന്നെ ജലനിരപ്പില്‍ ഇനിയും കുറവ് വന്നേക്കും. ബാഷ്പീകരണ തോത് വര്‍ധിച്ചതും ജലവിതാനം താഴാനിടയാക്കുന്നു.കുഴല്‍ക്കിണറുകളില്‍ നിന്ന് നിയന്ത്രണമില്ലാതെ ജലമൂറ്റുന്നതും സ്ഥിതി രൂക്ഷമാക്കി.ആശങ്കപെടേണ്ട നാളുകളാണ് വരാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
