തൃശൂർ: കുട്ടികൾ 20 മിനിറ്റിൽ കൂടുതൽ വാട്ട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ജില്ലാ എക്സൈസ് സ്റ്റാഫ് സഹകരണസംഘം വാർഷിക പൊതുയോഗവും ലഹരിവിരുദ്ധ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അശ്ലീല സന്ദേശങ്ങൾ ഒരാൾക്ക് ഇഷ്‌ടമില്ലാതെ വാട്സ് ആപിൽ അയച്ചാൽ അറസ്റ്റ് ചെയ്യപ്പെടാമെന്നും ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ദിവസവും പോലീസ് സ്റ്റേഷനുകളിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കുട്ടികൾ മണിക്കൂറുകളാണ് വാട്സ്ആപ്പില്‍ ചെലവഴിക്കുന്നത്. 

വാട്സ്ആപ്പില്‍ സന്ദേശം അയച്ചാൽ കേസൊന്നുമാകില്ലെന്നു കുട്ടികൾ തെറ്റിദ്ധരിക്കുന്നുണ്ട്. വളരെ ഗൗരവമായി ഇതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്‍റെ മദ്യനയം നല്ലതാണ്. മദ്യത്തിന്‍റെ ഉപഭോഗം കുറച്ചുകൊണ്ടുവരികയെന്ന നയമാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. മദ്യനിരോധനം ഏർപ്പെടുത്തിയാൽ വ്യാജമദ്യ നിർമാണമുണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.