മുസ്ലിം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടുമൊരു വിഭജനമുണ്ടാകുമെന്നും ബിജെപി എംപി

ഫെെസാബാദ്: രാജ്യത്ത് തീവ്രവാദവും പീഢനങ്ങളും വര്‍ധിക്കുന്നത് മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് മൂലമാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി ഹരി ഓം പാണ്ഡെ. ഇന്ത്യക്ക് ഭീഷണിയാകുന്ന തീവ്രവാദം, പീഢനങ്ങള്‍, ലെെംഗീക ചൂഷണങ്ങള്‍ തുടങ്ങിയവ കൂടുന്നത് മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് കൊണ്ടാണ്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലത്തെ കൃത്യമായി നിരീക്ഷിച്ചാല്‍ മുസ്‍ലിം ജനസംഖ്യയുടെ വളര്‍ച്ച കാണാനാകുമെന്നും പാണ്ഡെ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ധനയെ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ പോലെ മറ്റൊരു രാജ്യം കൂടെ ഇന്ത്യയില്‍ നിന്ന് പിറവിയെടുക്കും. ജനസംഖ്യ വര്‍ധിക്കുന്നത് രാജ്യത്തെ തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നതിനൊപ്പം സാമ്പത്തികമായ വളര്‍ച്ചയെയും ബാധിക്കുന്നുമുണ്ട്. ഇത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അംബേദ്കര്‍ നഗറില്‍ നിന്നും എംപി ഹരി ഓം പറഞ്ഞു.

ഇന്ത്യയെ രക്ഷിക്കുന്നതിനും മറ്റൊരു വിഭജിക്കല്‍ ഒഴിവാക്കുന്നതിനും ജനസംഖ്യയെ നിയന്ത്രിക്കാനുള്ള ബില്‍ പാസാക്കണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു. ഇതിനകം പാണ്ഡെയുടെ പ്രസ്താവനകള്‍ വിവാദമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് വിവാദകരമായ പരമാര്‍ശങ്ങള്‍ നടത്തുന്ന ആദ്യ ജനപ്രതിനിധിയല്ല പാണ്ഡെ.

സുരേന്ദ്ര സിംഗിനെ പോലെ വിവാദങ്ങള്‍ എപ്പോഴും സൃഷ്ടിക്കുന്നവര്‍ യുപിയിലുണ്ട്. ഭാരത് മാതാ കീ ജയ് പറയാത്തവരെല്ലാം പാക്കിസ്ഥാനികള്‍ ആണെന്നും ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചു കുട്ടികള്‍ വേണമെന്നുമുള്ള സുരേന്ദ്ര സിംഗിന്‍റെ പരാമര്‍ശങ്ങള്‍ അടുത്ത കാലത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.